കേരളമുള്‍പ്പെടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐസിഎംആര്‍) കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം.
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി ലബോറട്ടറി ഗ്രൂപ്പ് നേതാവായ പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബീഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കേരളത്തില്‍ കോഴിക്കോടും പഴംതീനി വവ്വാലുകളില്‍ നേരത്തെ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് ഐസിഎംആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ഷീല ഗോഡ്ബോള്‍ പറഞ്ഞു. 2018 മെയില്‍ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപ ബാധിച്ച 18 പേരില്‍ 16 പേരും മരിച്ചിരുന്നു.
മലേഷ്യയിലെ പന്നിഫാമുകളിലാണ് 1999ല്‍ നിപ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായി രോഗബാധയുണ്ടായത് 2001 ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ്. തുടര്‍ന്ന് 2007ല്‍ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലും 2018 കേരളത്തില്‍ കോഴിക്കോടും രോഗബാധയുണ്ടായി. കേരളത്തില്‍ തന്നെ 2019ലും 2021ലും രോഗബാധയുണ്ടായി.