ദുബായിലെ ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലികിൻ്റെ ഓഹരികൾ വിപണിയിലെത്തി. പ്രാഥമിക വിലയായ 2 ദിര്‍ഹത്തിന് യുഎഇയിലെ പ്രമുഖ ബാങ്കുകൾ വഴി ഐപിഒ സ്വന്തമാക്കാം. ഇന്ന് മുതല്‍ 20ാം തീയതി വരെയാണ് ഐപിഒ സ്വന്തമാക്കാന്‍ അവസരം.
ഓഹരി കമ്പോളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 2 ദിര്‍ഹം വിലയായി നിശ്ചയിച്ചത്. നിക്ഷേപകരിൽ നിന്ന് ശക്തമായ പ്രാരംഭ ഡിമാൻഡ് സൂചനകൾ കണ്ടതിനെ തുടര്‍ന്നാണ് പ്രാഥമിക വില 2 ദിര്‍ഹമായി നിശ്ചയിച്ചത്. ദുബായ് ഫിനാൻഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളില്‍ ഇതുവരെയുളളതില്‍ ഏറ്റവും വലിയ സബ്സ്ക്രിപ്ഷനായിരിക്കും സാലിക് ഓഹരികളെന്നാണ് നിഗമനം. 29നാണ് ഐപിഒ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുക.
പ്രാദേശിക നിക്ഷേപകര്‍ക്കൊപ്പം വിദേശികൾക്കും ഓഹരികൾ സ്വന്തമാക്കാന്‍ അവസരമുണ്ട്.സാലികിന്റെ 20 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. ഇതുവഴി 8000 കോടി രൂപ സമാഹരിക്കാനാകുമെന്നും സാലിക് കണക്കുകൂട്ടുന്നു.
2023ല്‍ ഓഹരി ഉടമകൾക്ക് ആദ്യ ലാഭ വിഹിതം പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
ജൂണിൽ പബ്ലിക് ജോയിൻ്റ് സ്റ്റോക്ക് കമ്പനിയായി മാറിയ സാലിക് ദുബായിൽ എട്ട് ടോൾഗേറ്റുകളാണ് നടത്തുന്നത്. പ്രതിദിനം 14 ലക്ഷം വാഹനങ്ങൾ ടോൾ ഗേറ്റുകൾ കടന്നുപോകുന്നെന്നാണ് കണക്കുകൾ. ദുബായില്‍ ഏറ്റവും കൂടുതല്‍ വരുമാനമുളള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് സാലിക്. ഓഹരി വിറ്റഴിക്കുന്നതിനൊപ്പം സാലിക് നിരക്കുകളില്‍ മാറ്റം വരുമെന്ന് ഗതാഗത വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.