ചാവക്കാട് / ദുബായ് : പ്ലസ് വൺ ഫസ്റ്റ് ക്ലാസില് പാസായി, ഇനി പ്ലസ് ടൂവിലോട്ടാ, കൊമേഴ്സൊക്കെ ആദ്യായിട്ട് പഠിക്കുവല്ലേ, അക്കൌണ്ടൻസി എനിക്ക് കുഴപ്പമില്ല പക്ഷേ പൊളിറ്റിക്കൽ സയൻസ് ഇത്തിരി പാടാ”. ചാവക്കാട്ടെ വീട്ടിൽ കൊച്ചുമക്കളുടെ പിറകെ ഓട്ടമാണെങ്കിലും മനസ് നിറയെ ഈ ആവലാതിയാണ്. അഞ്ച് മക്കളുടെ ഉമ്മയായ തൃശൂരുകാരി സൈറാ ബാനു ഇനി പ്ലസ് ടൂവിലേക്ക് കടക്കുന്ന ആവേശത്തിലാണ്
മലയാളത്തിന് നൂറിൽ തൊണ്ണൂറ്റിയാറ്, ഇംഗ്ലീഷിന് 61, അക്കൌണ്ടൻസിയും ബിസിനസ് സ്റ്റഡീസും 80 കടന്നു പഠിച്ച ഇക്വേഷനൊന്നും പരീക്ഷയ്ക്ക് വന്നില്ലെങ്കിലും എക്കണോമിക്സിനും 70 മാർക്കാണ് സൈറാ ബാനുവിന്. ക്ലാസിൽ നന്നായി ശ്രദ്ധിക്കും, പരീക്ഷയുടെ സമയത്ത് രാത്രി 2 മണിവരെ ഇരുന്ന് പഠിക്കും ഇതാണ് സീക്രട്ട്. ഇതിനിടയിൽ വീട്ടിലെ കാര്യങ്ങൾക്കും മക്കളുടെ കാര്യങ്ങൾക്കും ഒരു കുറവും വരുത്തിയിട്ടില്ല.
പഠനകാലത്ത് സ്പോർട്സിലായിരുന്നു കമ്പം. ഹൈജമ്പ്, ലോംഗ് ജമ്പ്, റിലേ എന്നീ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. സ്പോർട്സസിന് പിന്നാലെ പോയതിനാൽ അന്ന് പത്താം ക്ലാസിലെ ഫലം വന്നപ്പോൾ നിരാശയായിരുന്നു ഫലം. പിന്നീട് പതിനേഴാം വയസിൽ വിവാഹജീവിതത്തിലേക്ക് കടന്നു. കുടുംബവും ഉത്തരവാദിത്തങ്ങളും വർധിച്ചതോടെ പഠനമെന്നത് സ്വപ്നത്തിൽ പോലും ആലോചിക്കാൻ കഴിയാത്ത ഒന്നായി മാറി
അഞ്ച് മക്കളുമൊത്ത് സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിനിടെയാണ് ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം തളർത്തിയത്, നാൽപ്പത്തിനാലാം വയസിൽ തനിച്ചായ സൈറാ ബാനുവിന്റെ ഉത്തരവാദിത്തങ്ങൾ വളരെ വലുതായിരുന്നു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റ് നാല് കുട്ടികളും പഠനം പൂർത്തിയാക്കിയിരുന്നില്ല. പിന്നീട് ഊണിലും ഉറക്കത്തിലും മക്കളുടെ പഠനവും ഭാവിയും മാത്രമായിരുന്നു. വീട്ടിലിരുന്ന് അറിയാവുന്ന പലഹാരങ്ങളൊക്കെ ഓർഡറനുസരിച്ച് തയ്യാറാക്കി നൽകി. മുൻപ് ചെറിയ രീതിയിൽ നടത്തിവന്ന വസ്ത്രവ്യാപാരം ഒന്നുകൂടി കളറാക്കി, സഹോദരങ്ങളുടെ സഹായത്തോടെ ഒരു ബുട്ടീക്ക് ആരംഭിച്ചു. അങ്ങനെ ആ അമ്മക്കിളി മക്കളെയോരോന്നായി കരപറ്റിച്ചു.
മൂത്ത കുട്ടികളായ ഷിറീനും ഐഷയും അദ്നാനും വിദേശത്താണ്, ഇളയവരും ഇരട്ടകളുമായ നൈനയും നൈലയും ഉപരിപഠനത്തിലും. മക്കൾക്കൊപ്പം വിദേശത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസമാണ് വിലങ്ങുതടിയായത്. മക്കൾക്കൊപ്പം പാർട്ണർ വിസയിൽ യുഎഇയിലേക്ക് പറക്കാൻ എയർപോർട്ടിലെത്തിയപ്പോഴാണ് അമളി പറ്റിയത് മനസിലായത്. എമിഗ്രേഷനിലെത്തിയപ്പോഴാണ് പത്താംക്ലാസ് പാസ് ആകാത്തത് മൂലം പാർട്ണർ വിസയിൽ വിദേശത്ത് പോകാനാവില്ലെന്ന് മനസിലായത്. ട്രാവൽ ഏജൻസി വരുത്തിയ പിഴവിൽ വലിയൊരു തുക നഷ്ടമാവുകയും ചെയ്തിരുന്നു . അന്നൊരു തീരുമാനമെടുത്തു, വിദ്യാഭ്യാസമില്ലാത്തതിന്റെ പേരിൽ ഇനി ഞാൻ ഒറ്റപ്പെടില്ലെന്ന്.
തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താംതരത്തിൽ ചേർന്നു. ഒപ്പം അറുപത് കടന്ന സഹോദരി ഫാത്തിമയും കൂടി. അധ്യാപകനായ സഹോദരന്റെയും മക്കളുടെയും പിന്തുണയോടെ ഇരുവരും പത്താംതരം നല്ല മാർക്കോടെ കടന്നു. ആ വിജയം നൽകിയ ആത്മവിശ്വാസവും മനക്കരുത്തും ചെറുതായിരുന്നില്ല. ഒരുമടിയുമില്ലാതെ പ്ലസ് വണ്ണിലേക്കും പ്രവേശനം നേടി. ഒരു പരിചയവുമില്ലാത്ത കൊമേഴ്സ് തിരഞ്ഞെടുക്കുമ്പോഴും മനസിൽ ലവലേശം ഭയമുണ്ടായിരുന്നില്ല. ഉമ്മ ഫസ്റ്റ് ക്ലാസോടെ പ്ലസ് വൺ കടന്നതിന്റെ സന്തോഷവും അഭിമാനവുമാണ് മക്കളുടെ മുഖത്ത്. കൊച്ചുമക്കൾക്കൊപ്പം മത്സരിച്ച് പഠിക്കുന്ന ഉമ്മയെപറ്റി പറയുമ്പോ മനസും മിഴിയും അഭിമാനം കൊണ്ട് നിറയുകയാണെന്ന് സൈറാ ബാനുവിന്റെ മക്കൾ പറയുന്നു. ഉമ്മാ നിങ്ങള് പൊളിയാണ്.
❤️❤️❤️❤️