കാസർഗോഡ്: ഉദുമ മുൻ എം.എൽ.എയും സിപിഎം നേതാവുമായിരുന്ന പി രാഘവന്റെ അർദ്ധകായ ശിൽപം ഒരുങ്ങുന്നു. ഫൈബറിൽ തീർത്ത മൂന്നടി ഉയരമുള്ള ശിൽപം പി.രാഘവൻറെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ അഞ്ചിന് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും. ഇഎംഎസ് അക്ഷരഗ്രാമത്തിൽ അഞ്ചടി ഉയരത്തിൽ പ്രത്യേകം തയാറാക്കിയ ഗ്രാനൈറ്റ് സ്മാരകത്തിലായിരിക്കും ശിൽപം സ്ഥാപിക്കുക.
1991ലും 1996ലും ഉദുമ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുപ്പത്തിയേഴ് വർഷം സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനർ എന്ന നിലയിൽ ദീർഘകാലം മുന്നണിയെയും നയിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജില്ലാ ജനറൽ സെക്രട്ടറി, ദിനേശ് ബീഡി ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ച രാഘവൻ കാസർഗോഡ് സർവീസ് സഹകരണ ബാങ്ക്, ഇകെ നായനാർ സഹരണ ആശുപത്രി, പീപ്പിൾസ് സഹകരണ കോളേജ്, പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എൻജികെ പ്രസ്സ്, കനിവ് പാലിയേറ്റീവ് സൊസൈറ്റി, പീപ്പിൾസ് വെൽഫയർ സഹകരണ സംഘം തുടങ്ങി ഒട്ടേറെ സഹകരണ സംരംഭങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. കേരള സ്റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, കെഎസ്വൈഎഫ് കാസർകോട് ബ്ലോക്ക് പ്രസിഡന്റ്, 1974 മുതൽ 84 വരെ സിപിഎം കാസർഗോഡ് ഏരിയാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച നേതാവ് കൂടിയാണ് പി.രാഘവൻ
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞുമംഗലം 6 മാസം സമയം എടുത്താണ് ശില്പം പൂർത്തിയാക്കിയത്. കണ്ണട വെച്ച്, ചിരിയോടു കൂടി ജീവൻ തുടിക്കുന്ന രീതിയിൽ വെങ്കല നിറത്തോട് കൂടിയാണ് ശില്പം ഒരുക്കിയിരിക്കുന്നത്. ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകനായ ശില്പി ചിത്രന് കേരള സംസ്ഥാന ഫോക്ക്ലോർ അക്കാദമി അവാർഡ് ,കേരള സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡ് നിരവധി പുരസ്ക്കാരങ്ങൾ ശില്പ നിർമ്മാണത്തിനായി ലഭിച്ചിട്ടുണ്ട് ചിത്ര കെ , കിഷോർ കെ വി , രജീഷ് , സജിത്ത് എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായി