മതസൗഹാർദ്ദത്തിന്റെ സന്ദേശം വ്യക്തമാക്കി ദുബായിൽ ഒരു കൂടിക്കാഴ്ച. ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ ജീപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറിനെ കാണാൻ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നേരിട്ടെത്തി. സാദിഖലി ശിഹാബ് തങ്ങളുടെ യുഎഇ സന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം കെ.എം.സി സി അബുദാബിയിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ കൂട്ടായ്മയിൽ പങ്കെടുത്ത് വിഘ്നേഷ് വിജയകുമാർ പറഞ്ഞ വാക്കുകളാണ് ഇരുവരുടെയും കൂടിക്കാഴ്ച്ചയ്ക്ക് കളമൊരുക്കിയത്.
2007 ഓഗസ്റ്റിൽ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ നടവാതിൽ അഗ്നിക്കിരയാക്കിയ സംഭവം കലാപമായി സമൂഹത്തിലേക്ക് പടരാതിരിക്കാൻ മുന്നിട്ടിറങ്ങിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നെന്ന് നാട്ടുകാരൻ കൂടിയായ വിഘ്നേഷ് ഓർത്തെടുത്തു. അന്ന് അങ്ങാടിപ്പുറത്തെത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെ ക്ഷേത്രപരിസരത്തെ താമസക്കാരനായ വിഘ്നേഷ് കെട്ടിപ്പിടിച്ച് നന്ദിയറിയിച്ചു. തന്നെ മുഹമ്മദലി ശിഹാബ് തങ്ങൾ അനുഗ്രഹിച്ചാണ് അയച്ചെന്നും വിഘ്നേഷ് പറഞ്ഞു.
ആ അനുഗ്രഹം കൂടിയാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് വിവരിച്ച് വിഘ്നേഷ് വേദി വിട്ടെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
കൂടിക്കാഴ്ചയിൽ സാദിഖലി ശിഹാബ് തങ്ങളും തളിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചു. തളി ക്ഷേത്രത്തിന്റെ വാതിൽ പുനർനിർമിക്കുന്ന ഘട്ടത്തിൽ താൻ സന്ദർശനം നടത്തിയെന്നും പുനർനിർമ്മാണത്തിനായി ആദ്യ സംഭാവന നൽകാൻ കഴിഞ്ഞത് ചാരിതാർത്ഥ്യമായി കാണുന്നെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആദ്യ സംഭാവന നൽകേണ്ടത് ഗുരുവായൂർ ദേവസ്വം ബോർഡിലെ പ്രമുഖ വ്യക്തിത്വമായിരുന്നെങ്കിലും ക്ഷേത്രഭാരവാഹികൾ ആ ഉത്തരവാദിത്വം യാദൃശ്ചികമായി തന്നെ ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മതസൗഹാർദ്ദത്തിന്റേയും ജനാധിപത്യത്തിന്റേയും കാഴ്ചപ്പാടുകൾ മനസിൽ ഉളള വ്യക്തിയാണെന്ന് അറിഞ്ഞാണ് വിഘ്നേഷ് വിജയകുമാറിനെ കാണാനെത്തിയതെന്നും സാദിഖലി ശിഹാബ് തങ്ങൾ സൂചിപ്പിച്ചു. അങ്ങാടിപ്പുറത്തുകാരനായ ഒരാൾക്ക് മത സൗഹാർദ്ദത്തെപ്പറ്റി ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിൽ പറഞ്ഞ വാക്കുകൾ കേട്ട് തന്നെ നേരിൽ കാണാൽ സാദിഖലി ശിഹാബ് തങ്ങൾ എത്തിയതിൽ സന്തോഷമുണ്ടെന്ന് വിഘ്നേഷും പറഞ്ഞു.
സാമൂതിരിയുടെ കാലം മുതൽ മതസൗഹാർദ്ദത്തിന് പേരുകേട്ട ഇടമാണ് മലപ്പുറം അങ്ങാടിപ്പുറം തളി ക്ഷേത്രവും ഒരു മതിലിനോട് ചേർന്ന മസ്ജിദുൽ നൂർ ജുമാ മസ്ജിദും. മാനവികതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന അത്തരം ചരിത്രത്തെ തല്ലിക്കെടുത്താനുളള ശ്രമങ്ങൾ തുടരുന്ന കാലത്ത് പുതിയ പോരാട്ടമാവുകയാണ് ഇരുവരുടേയും കൂടിക്കാഴ്ച.