യുക്രൈനിലെ മിഖോലവ് മേഖലയിലുള്ള ആണവ നിലയത്തിനു നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ആണവനിലയത്തിലെ റിയാക്ടറുകൾക്ക് നാശം സംഭവിച്ചിട്ടില്ല. എന്നാൽ അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു. റഷ്യ ആണവ ഭീകരപ്രവർത്തനമാണ് നടത്തിയതെന്ന് യുക്രെയ്ൻ ആരോപിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമാണ് സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റ്. ഇതിന്റെ 300 മീറ്റർ അകലെയായാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന് ശേഷം തീഗോളങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ആണവാക്രമണം നടത്തിയതെന്നാണ് അനുമാനിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയും പറഞ്ഞു. അതേസമയം യുക്രൈന് പിന്തുണയറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനകൾ നടത്തിയിരുന്നു. റഷ്യയെ തുരത്തുന്നതിന് കാലങ്ങൾ എത്ര എടുത്താലും കൂടെ നിൽക്കുമെന്നും ബൈഡൻ പറഞ്ഞു. ഹർകീവ് മേഖലയിൽ ആളുകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ തെളിവുകൾ ലഭിച്ചെന്ന് കഴിഞ്ഞ ദിവസം യുക്രൈൻ ആരോപിച്ചിരുന്നു.