യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ ആണവനിലയത്തിന് നേരെ റഷ്യയുടെ അപ്രതീക്ഷിത ഷെല്ലാക്രമണം. ഒരു യുക്രൈൻ പൗരന് പരിക്ക് പറ്റുകയും വൈദ്യുതി ബന്ധങ്ങൾ വിഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 24 ന് നടന്ന അധിനിവേശത്തിൽ ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിരുന്നു. എങ്കിലും യുക്രൈൻ സാങ്കേതിക വിദഗ്ധർ തന്നെയാണ് ഇപ്പോഴും ആണവനിലയം പ്രവർത്തിപ്പിക്കുന്നത്. ആണവനിലയം സ്ഥിതി ചെയ്യുന്ന എനെർഹോദർ പട്ടണത്തിന് നേരെയും റഷ്യ ആക്രമണം നടത്തി. ആക്രമണത്തിൽ വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആണവ റിയാക്ടറിന്റെ 400 മീറ്ററിനുള്ളിൽ ആണ് പ്രൊജക് ടൈലുകൾ വീണിട്ടുള്ളത്. എന്നാൽ ആക്രമണം നടത്തിയത് യുക്രൈൻ സേന തന്നെയാണെന്നാണ് റഷ്യ പറയുന്നത്.
നേരത്തെ ഉണ്ടായിട്ടുള്ള അപകടത്തിന്മേൽ ആണവ ദുരന്തത്തിന്റെ അപകട സാധ്യതയെക്കുറിച്ച് ആണവ നിരീക്ഷണ ഏജൻസി ആയ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) മുന്നറിയിപ്പ് നൽകിയിരുന്നു. പെട്ടന്നുള്ള വിജയത്തിന് വേണ്ടി ആണവനിലയം ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തരുത്. അത് തീക്കളിയാവുമെന്ന് ഐ എ ഇ എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. റഷ്യയുടെ ആണവ ഭീകരതയ്ക്കെതിരെ സമൂഹത്തിൽ നിന്നും ശക്തമായ പ്രതികരണം ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി ട്വീറ്റ് ചെയ്തു. റഷ്യൻ ആണവ വ്യവസായത്തിനും ഇന്ധനത്തിനും മേൽ ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.