ന്യൂയോർക്കിൽ വെച്ച് അക്രമിയുടെ കുത്തേറ്റ പ്രമുഖ എഴുത്തുകാരൻ സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നിലവിൽ അദ്ദേഹം വെറ്റിലേറ്ററിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ പറഞ്ഞു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.