ലോകത്തെ ഏറ്റവും വലിയ വിനോദയാത്ര കപ്പൽ സർവ്വീസിനൊരുങ്ങുന്നു. ഫിൻലാൻഡിലെ ഷിപ്പ്യാർഡിൽ കപ്പലിൻ്റെ അവസാനവട്ട മിനുക്കു പണികൾ പുരോഗമിക്കുകയാണ്. ലോകത്തെ മുൻനിര ക്രൂയിസ് ഷിപ്പ് കമ്പനിയായ റോയൽ കരിബീയന് വേണ്ടിയാണ് ഐക്കൺ ഓഫ് ദി സീസ് എന്ന പേരിൽ ഈ യാത്രക്കപ്പൽ നിർമ്മിക്കുന്നത്. നിലവിൽ കപ്പലിൻ്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഫിൻലാൻഡിലെ മെയർ ടുർക്കു ഷിപ്പ്യാർഡിലാണ് കപ്പലിൻ്റെ നിർമ്മാണം നടന്നത്. യൂറോപ്പിലെ ഏറ്റവും ഷിപ്പ്യാർഡുകളിൽ ഒന്നാണിത്.
365 മീറ്റർ (1200 അടി) നീളമാണ് ഐക്കൺ ഓഫ് ദി സീസിനുള്ളത്. രണ്ടര ലക്ഷം ടൺ ഭാരം വരെ വഹിക്കാൻ കപ്പലിനാവും. പരീക്ഷണസർവ്വീസുകൾ പൂർത്തിയാക്കി ഒക്ടോബറോടെ കപ്പൽ റോയൽ കരീബിയൻ കമ്പനിക്ക് കൈമാറാനാണ് തീരുമാനം. 2024 ജനുവരിയിലാവും കപ്പലിൻ്റെ കന്നി സർവ്വീസ്. 5610 യാത്രക്കാരേയും 2350 ജീവനക്കാരേയും ഒരേസമയം കപ്പലിന് വഹിക്കാനാവും. ലോകത്തെ ഏറ്റവും വലിയ വാട്ടർ പാർക്കാവും കപ്പലിലുണ്ടാവുക. ആറ് കൂറ്റൻ വാട്ടർ സ്ലൈഡുകൾ കപ്പലിലുണ്ടാവും. ഏഴ് സ്വിംമിഗ് പൂളുകളും ഒൻപത് വേൾപൂളുകളും കപ്പലിലുണ്ടാവും.
റോയൽ കരീബിയൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ ഓഫ് ദീ സീസ് ആണ് നിലവിൽ ലോകത്തെ ഏറ്റവും ക്രൂയിസ് ഷിപ്പ്. കഴിഞ്ഞ വർഷം നീറ്റിലിറങ്ങിയ ഈ കപ്പലിന് ഐക്കൺ ഓഫ് ദി സീസ് കപ്പലിനേക്കാൾ 1,188 അടി നീളം കുറവാണ്. വണ്ടർ ഓഫ് ദീ സീസ് കപ്പലിനേക്കാൾ 18 ഡെക്കുകൾ ഐക്കൺ ഓഫ് ദി സീസിൽ ഉണ്ടാവും.
40 റെസ്റ്റോറൻ്റുകളാവും കപ്പലിൽ ഉണ്ടാവുക. ബാറുകളും നിരവധി വിനോദ പരിപാടികളും കപ്പലിൽ ഉണ്ടാവും. 28 വിഭാഗത്തിലുള്ള താമസസൌകര്യങ്ങൾ കപ്പലിൽ ഉണ്ടാവും. കുടുംബമായി യാത്ര ചെയ്യുന്നവർക്കായി പല ബജറ്റിൽ താമസസൗകര്യം ലഭ്യമായിരിക്കും. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസാണ് ഈ കപ്പലിൽ ഇന്ധനമായി ഉപയോഗിക്കുക. അത്യാധുനിക ഫ്യൂവൽ സെൽ ടെക്നോളജിയിലാവും എൻഞ്ചിനുകളുടെ പ്രവർത്തനം.