തിരുവനന്തപുരം: സംസ്ഥാന പാതകളിൽ റോഡ് ക്യാമറകൾ നിലയുറപ്പിച്ചതോടെ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണസംഖ്യയിൽ പകുതിയിലധികം കുറഞ്ഞതായാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ 344 ജീവനുകളാണ് കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത്, എന്നാൽ ഇക്കൊല്ലം ജൂണിൽ അത് 140 ആയി കുറഞ്ഞു
3714 അപകടങ്ങൾ സംഭവിച്ച സ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് 1278 അപകടങ്ങളാണ്. റോഡ് ക്യാമറകൾ വഴി കണ്ടെത്തിയതാകട്ടെ 20,42,542 നിയലംഘനങ്ങളും. ഇതിലൂടെ 7.94 കോടി കൂപയാണ് പിഴയിനത്തിൽ സർക്കാരിന് പിരിഞ്ഞ് കിട്ടേണ്ടത്. ഇനി മുതൽ ഇതര സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. നോ പാർക്കിംഗ് ഏരിയകളിലും കർശന നിരീക്ഷണമുണ്ടാകും
പിഴ ലഭിച്ചവർക്ക് പരാതികൾ അറിയിക്കാനുള്ള സംവിധാനം ഓഗസ്റ്റ് മാസം അഞ്ചാം തീയതി മുതൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വേഗപരിധി കൂട്ടിയ റോഡുകളിൽ ഇത് സംബന്ധിച്ച് അറിയിപ്പ് ബോർഡുകളും ഉടൻ സ്ഥാപിക്കും