ഖത്തറില്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള അവസാന ദിവസം ഇന്ന്. സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഡിസംബര്‍ 21 വരെയായിരിക്കുമെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അല്‍ അബ്ദുല്ല നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഡിസംബര്‍ 18ന് ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന അതെ ദിവസം തന്നെയായിരുന്നു ഖത്തറിന്റെ ദേശീയ ദിനവും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ സജ്ജമാക്കാനും സ്റ്റിക്കറുകള്‍ പതിക്കാനും അധികൃതർ അനുമതി നൽകിയിരുന്നു. ദേശീയ ദിനത്തിന് മുമ്പ് മൂന്ന് ദിവസത്തെ സമയമാണ് അധികൃതര്‍ അനുവദിച്ചിരുന്നത്. എന്നാൽ ദേശീയ ദിനത്തിന് ശേഷം ഇവ നീക്കം ചെയ്ത് വാഹനങ്ങള്‍ പഴയതു പോലെ ആക്കുന്നതിനും മൂന്ന് ദിവസത്തെ സമയം മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പറഞ്ഞിരുന്നു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അന്ന് രാജ്യത്തെ മുഴുവൻ പൊതു – സ്വകാര്യ മേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.