യുഎഇയില്‍ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസങ്ങളിൽ തന്നെ ജീവനക്കാരുടെ കുട്ടികളെ സ്കൂളിലെത്തിക്കാനായാണ് നടപടിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
പിടിഎ മീറ്റിംഗുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ ജീവനക്കാരായ രക്ഷിതാക്കൾക്ക് പങ്കെടുക്കുന്നതിനായാണ് ജോലി സമയ ക്രമീകരണം. ഇത്തരത്തിൽ കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പോകുവാനായി ജീവനക്കാർക്ക് വൈകി ജോലിക്ക് കയറുകയൊ നേരത്തെ ഓഫീസില്‍നിന്ന് ഇറങ്ങുകയൊ ചെയ്യാം. എന്നാല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇളവ് ലഭിക്കുക. യുഎഇ കാബിനറ്റ് അംഗീകരിച്ച 2018 ലെ പ്രമേയത്തിന് അനുസൃതമാണ് സർക്കുലർ.
അതേസമയം തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കും പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 12 വയസിൽ കൂടുതലുള്ള വിദ്യാർഥികൾക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് 96 മണിക്കൂറിനുളളില്‍ എടുത്ത പിസിആർ പരിശോധന ഫലം നേടണമെന്നാണ് വ്യവസ്ഥ.