കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗത്വം (കെ.എസ്.എഫ്.ഡി.സി) രാജിവെച്ച് സംവിധായകന് ഡോ. ബിജു. തൊഴില്‍പരമായ പ്രശ്നങ്ങള്‍ കൊണ്ടാണ് രാജി വെച്ചതെന്ന് ബിജു അറിയിച്ചു.
അടുത്തിടെ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഡോ. ബിജുവിനെതിരെ ഒരു അഭിമുഖത്തില്‍ പരിഹസിച്ചത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ബിജു ഇതിനെതിരെ മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. ബിജുവിന്റെ രാജി.
വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയയതുകൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത്. അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയേറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയര്മാന് ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്ത്തകന് എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നായിരുന്നു ഡോ. ബിജുവിന്റെ മറുപടി.
ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് മിസ്റ്റര്‍ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങള്ക്കും നന്ദി, സിനിമ എന്നാല്‍ ആള്‍ക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാന്‍ താങ്കള്‍ക്കു പേഴ്സണല്‍ മെസ്സേജ് അയച്ചത്. ‘മറു വാക്കുകള്‍ക്ക് നന്ദി ‘ എന്നും പിന്നീട് ‘മതി നിര്‍ത്തിക്കോ ‘ എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കള്‍ മറുപടി ആയി നല്‍കിയത്. മതി നിര്‍ത്തിക്കോ എന്ന ആജ്ഞ അനുസരിക്കാന്‍ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കള്‍ക്ക് ഞാന്‍ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്.’ എന്നും ഡോ. ബിജു പറഞ്ഞിരുന്നു.
ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന സിനിമയ്ക്ക് തിയറ്ററില്‍ ആളുകയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്താണെന്ന് ആലോചിക്കണമെന്നുമായിരുന്നു രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് പിന്നീട് വിവാദങ്ങളിലേക്ക് വഴിവെക്കുകയായിരുന്നു.