യുഎഇയിലെ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ രണ്ടര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്ന് മുതലാണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തതെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ തയാർ അറിയിച്ചു. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന ഈ പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാണ്.
ജനുവരിയിലെ ആദ്യ രണ്ടു ദിവസത്തിനുള്ളിൽ 60,000 പേരാണ് റജിസ്റ്റർ ചെയ്തത്. ബാക്കി മുഴുവൻ പേരും 10 ദിവസത്തിനുള്ളിലാണ് പദ്ധതിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 86 ശതമാനം പേരും വെബ്സൈറ്റ് വഴിയാണ് റജിസ്റ്റർ ചെയ്തത്. 90 ശതമാനം തൊഴിലാളികളും വാർഷിക പദ്ധതിയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.