ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്. 2022ല്‍ 35 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021ലേതിനേക്കാളും 101.9% യാത്രക്കാർ വര്‍ധിച്ചുവെന്നാണ് കണക്ക്. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
35,734,243 പേരാണ് 2022ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021ല്‍ ഇത് 17,703,274 ആയി മാറി. അതേസമയം 2021ല്‍ 1,69,909 വിമാനങ്ങളാണ് ഖത്തറിലേക്ക് വന്നുപോയത്. 2022ല്‍ ഈ കണക്ക് 2,17,875 ലേക്കെത്തി.
അതേസമയം 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പാണ് വിമാന യാത്രക്കാരുടെ കാര്യത്തിൽ വർധനയുണ്ടായതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. 2021ലുള്ളതിനേക്കാളും 2022ലെ ചരക്ക്, തപാൽ നീക്കത്തിൽ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ 2620095 ടണും 2022ൽ 2321921 ടണുമാണ് ചരക്ക്, തപാൽ നീക്കത്തിലുണ്ടായിരുന്നതെന്നും സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.