ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി രജനീകാന്ത് ചിത്രം ജയിലറിൻ്റെ കുതിപ്പ്. വ്യാഴാഴ്ച റിലീസായ ചിത്രം മൂന്ന് ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറിയതായി ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
പ്രമുഖ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നലെയോടെ ജയിലറിൻ്റെ ആഗോള കളക്ഷൻ 220.53 കോടി ആയി. റിലീസ് ദിനം ലോകമെമ്പാടും നിന്നും 95.78 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനമായ വെള്ളിയാഴ്ച 56.24 കോടിയും ശനിയാഴ്ച 68.51 കോടിയും കളക്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലും അതിഗംഭീരമായ സ്വീകരണമാണ് പ്രേക്ഷകർ ജയിലറിന് നൽകിയത്. ശനിയാഴ്ച മാത്രം 6.15 കോടി രൂപയാണ് കേരളത്തിലെ കളക്ഷൻ. ഒരു തമിഴ് ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. റിലീസ് ദിവസം 5.85 കോടി, വെള്ളിയാഴ്ച 4.80കോടി എന്നിങ്ങനെയായിരുന്നു മുൻദിവസങ്ങളിലെ കളക്ഷൻ.
മൂന്ന് ദിവസം കൊണ്ട് 16.80 കോടി രൂപ കേരളത്തിൽ ഇതുവരെ ജയിലർ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പ്രകാരം ഞായറാഴ്ചയും കേരള ബോക്സ് ഓഫീസിൽ ജയിലറിൻ്റെ തൂക്കിയടി തുടരും. അഞ്ഞൂറിലേറെ സീറ്റുകളുള്ള സംസ്ഥാനത്തെ 12 തീയേറ്ററുകളിലും ഇന്നലെ ജയിലർ ഹൗസ് ഫുള്ളായാണ് ഓടിയതെന്ന് ട്രേഡ് അനലിസ്റ്റ് എബി ജോർജ്ജ് ട്വീറ്റ് ചെയ്തു.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത തലൈവറിൽ രജനീകാന്തിനൊപ്പം മോഹൻലാലും ശിവരാജ് കുമാറും ജാക്കി ഷ്റോഫും അതിഥി വേഷത്തിലെത്തുന്നുണ്ട്. രജനീകാന്തിന് കിട്ടിയ അതേ വരവേൽപ്പാണ് ദക്ഷിണേന്ത്യയിലെമ്പാടും മോഹൻലാലിനും ശിവരാജ് കുമാറിനും പ്രേക്ഷകരിൽ നിന്നും കിട്ടിയത്. ദക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെ സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് കൊണ്ടു വരികയും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത നെൽസണിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയേയും ചിത്രത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും അവസാനനിമിഷം അതിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും നെൽസൺ പിന്നീട് വ്യക്തമാക്കിയിരുന്നു.
അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വില്ലൻ വേഷത്തിൽ നിറഞ്ഞാടിയ വിനായകനും വലിയ നിരൂപക പ്രശംസ നേടി കഴിഞ്ഞു. സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സിനിമ കണ്ട് നെൽസണെ അനുമോദിച്ചിരുന്നു. ഇന്നലെ രാത്രി കേരള മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും കുടുംബസമേതം ചിത്രം കാണാനെത്തി.
കേരളത്തിൽ ഗോകുലം ഗോപാലൻ്റെ ശ്രീഗോകുലം മൂവിസാണ് റെക്കോർഡ് തുകയ്ക്ക് ചിത്രത്തിൻ്റെ വിതരണാവകാശം നേടിയത്. ഞായറാഴ്ചയോടെ വിതരണക്കാർക്ക് പണം ലാഭമായി മാറും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ലോകേഷ് കനകരാജ് – വിജയ് ചിത്രം ലിയോയും കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം മൂവിസാണ്.