തമിഴ് സിനിമകളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പുതിയ നിബന്ധനയില്‍ പ്രതികരണവുമായി സംവിധായകന് വിനയന്. തികച്ചും പ്രാദേശികവും സങ്കുചിതവുമായി തീരുമാനത്തിലേക്കാണ് തമിഴ്നാട് സിനിമാ സംഘടനകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ഇത് വളരാന്‍ അനുവദിച്ചാല്‍ അതൊരുതരം വിഘടനവാദത്തിന് തുല്യമാണെന്നും, മുളയിലേ നുള്ളിക്കളയണം എന്നും വിനയന് പറഞ്ഞു.
കേരളത്തില്‍ ഹിറ്റാകുന്ന ചിത്രങ്ങളേക്കാള്‍ വലിയ കളക്ഷനാണ് വിജയ്, കമല്ഹാസന്, രജനീകാന്ത്, സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നത്. വലിയ കളക്ഷനാണ് തമിഴ്നാട് കേരളത്തില്‍ നേടുന്നത്.
ഈ വാര്‍ത്തകളോട് ഇത്രയും ദിവസമായിട്ടും തമിഴ്നാടു സര്‍ക്കാര്‍ എതിര്‍ത്ത് സംസാരിച്ചിട്ടില്ല. മാത്രമല്ല ഇപ്പോള്‍ ഈ വാദത്തിന് അവിടെ പിന്തുണ ഏറി വരികയാണന്നറിയുന്നു. കേരളത്തിലെ സാംസ്കാരിക വകുപ്പാണെങ്കില്‍ സിനിമാക്കാരുടെ പ്രശ്നങ്ങളില്‍ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നതെന്നും വിനയന് പറഞ്ഞു.
കേരളത്തിലെ തിയേറ്ററുകളില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകള്‍ എടുത്താല്‍ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്നാട് സിനിമാ വ്യവസായത്തിന് ഒരു വര്‍ഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് പോലും തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ കിട്ടുന്നത് വളരെ തുച്ഛമായ കലക്ഷനുകളാണെന്ന് ഓര്‍ക്കണം എന്നും വിനയന് പറയുന്നു.
തമിഴ് സിനിമ തമിഴര്‍ക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാളസിനിമയിലെ നിര്‍മാതാക്കളും, തിയറ്റര്‍ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയാറാകണമെന്നാണ് തന്റ അഭിപ്രായം. വിക്രമിനെ അവതരിപ്പിച്ച ‘കാശി’ ഉള്‍പ്പെടെ കുറച്ചു ചിത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടെങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ലെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.