തുര്‍ക്കിയില്‍ അധികാരം നിലനിര്‍ത്തി റജബ്ബ് ത്വയ്യിബ് എര്ദൊഗാന്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് എര്ദൊഗാന് അധികാരം ഉറപ്പിച്ചത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 52.16 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കെമാല്‍ കിലിഷദരോളുവിന് 47.84 ശതമാനം വോട്ടാണ് ലഭിച്ചതെന്ന് തുര്‍ക്കി സുപ്രീം ഇലക്ഷന് കൗണ്‍സില്‍ മേധാവി പ്രഖ്യാപിച്ചു.
വോട്ട് ചെയ്ത് സമാധാനത്തിനും പുരോഗതിയ്ക്കും ഒപ്പം നിന്ന മുഴുവന്‍ ജനതയ്ക്കും നന്ദി അറിയിക്കുന്നു വെന്ന് എര്ദൊഗാന് പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ അങ്കാറയിലെ കൊട്ടാരത്തിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മള് മാത്രമല്ല വിജയികള്‍, വിജയിച്ചത് തുര്‍ക്കിയും നമ്മുടെ ജനാധിപത്യവുമാണ്. 85 മില്യണ്‍ ജനങ്ങള്‍ വിജയിച്ചുവെന്നും എര്ദൊഗാന് കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയില്‍ ഏറെക്കാലം ഭരണം നിലനിര്‍ത്തിയ നേതാവാണ് എര്ദൊഗാന്. 69 കാരനായ എര്ദൊഗാന് 20 വര്‍ഷം മുമ്പ് ഇസ്തംബൂള്‍ മേയര്‍ ആയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അന്ന് ഇസ്ലാമിക് വെല്‍ഫെയര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ച് വിജയിക്കുന്നത്. നേരത്തെ തുര്‍ക്കി പ്രധാനമന്ത്രിയായും എര്ദൊഗാന് പ്രവര്‍ത്തിച്ചിട്ടുണ്ട്.