യുഎഇ യുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ചന്ദ്രനിലിറക്കാനായില്ല. ലാൻഡിങ്ങിനിടെ അവസാന നിമിഷമാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്.
ഡിസംബർ 11 നായിരുന്നു റാഷിദ് റോവർ വിക്ഷേപണം നടത്തിയത്. ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40 നായിരുന്നു ലാൻഡിംഗ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണം നടന്നത് മുതൽ ലാൻഡിംഗ് സമയത്തിന് തൊട്ടുമുൻപ് വരെ വളരെ സുഗമമായി പ്രവർത്തിച്ചു കൊണ്ടിരുന്നെങ്കിലും ലാൻഡിംഗ് സമയത്ത് ലാൻഡറുമായുള്ള ബന്ധം നഷ്ടമായി.
ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ലെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലെ തന്നെ ആദ്യത്തെ ചാന്ദ്രദൗത്യമായിരുന്നു റാഷിദ് റോവർ.
ചന്ദ്രന്റെ വടക്കു കിഴക്ക് ഭാഗം പര്യവേക്ഷണം ചെയ്യാനായിരുന്നു ലക്ഷ്യം. ഡിസംബറിൽ അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്ന് വിക്ഷേപണം നടത്തിയ പേടകം കഴിഞ്ഞ മാസം അവസാനത്തോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് വളരെ പ്രയാസമേറിയ ദൗത്യമാണ്. ഏകദേശം ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലായിരുന്നു റാഷിദ് റോവർ ലാന്ഡിങ്ങിന് ഒരുങ്ങിയത്. എന്നാൽ 8 .40 ഓടെ ലാൻഡറുമായുള്ള ബന്ധം നഷ്ടമായി.