ഇരട്ട ഗിന്നസ് നേട്ടത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി റാസല്‍ഖൈമയിലെ റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക്ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ്. അല്‍ മര്‍ജാന്‍ ഐലന്റിനും അല്‍ഹംറ വില്ലേജിനും ഇടയിലുള്ള കടല്‍ തീരത്ത് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടാണ് ഒരുങ്ങുന്നത്. പടക്കങ്ങള്‍ വിക്ഷേപിക്കാന്‍ ഏറ്റവും വലിയ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന വര്‍ണ കാഴ്ചകൾ പോലെയായിരിക്കും വെടിക്കെട്ടിന്റെ ക്ലൈമാക്സ്. കൂടാതെ കൂടുതല്‍ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാൻ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
മര്‍ജാന്‍ ദ്വീപിലെ പുതുവര്‍ഷ വരവേല്പ് ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ട് മുതല്‍ പുതുവര്‍ഷ ദിനം പുലർച്ച രണ്ടു മണിവരെ നീളും. അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ പരിപാടികളും പ്രാധാന്യമേറുന്നതുമാകും ഇത്തവണത്തെ റാസല്‍ഖൈമയിലെ പുതുവര്‍ഷ ആഘോഷം. ഇത് കൂടാതെ യു.എ.ഇയിലെ മികച്ച കലാകാരന്മാരുടെയും അവതാരകരുടെയും സാന്നിധ്യവും പ്രകടനങ്ങളും സന്ദര്‍ശകരില്‍ ആവേശം നിറയ്ക്കുമെന്ന് റാക്കി ഫിലിപ്സ് വ്യക്തമാക്കി. 2019 മുതല്‍ റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ നടക്കുന്ന പുതുവര്‍ഷാഘോഷത്തില്‍ ഒരുക്കുന്ന കരിമരുന്ന് പ്രയോഗം അതുല്യവും ഗിന്നസ് റെക്കോഡ് നേട്ടത്തിന് അർഹവുമാണ്.