ഡൽഹി: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള അധ്യക്ഷനാവും. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തു എന്നാണ് വിവരം. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ബിരുദവും കമ്പ്യൂട്ടര്‍ സയനസിൽ ബിരുദാനന്തരബിരുദവുമായി ബിസിനസ് രംഗത്തേക്ക് വന്ന രാജീവിന് രണ്ടാം മോദി സർക്കാരിൽ ഐടി ആന്റ് ഇലക്ട്രോണിക്സിന്റെയും നൈപുണ്യവികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി നിയമനം ലഭിച്ചിരുന്നു.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബാദിലാണ് രാജീവ് ജനിച്ചത്.
എന്നാൽ ബാംഗ്ലൂർ ആയിരുന്നു രാജീവിൻ്റെ കർമ്മഭൂമി.ഇന്ത്യയിൽ ആദ്യമായി പേജർ, പിന്നെ മൊബൈലും പുറത്തിറക്കിയത് രാജീവിൻ്റെ കമ്പനിയായ ബിപിഎൽ ആണ്. 1994 മുതൽ രാജീവും ബിപിഎല്ലും ഇന്ത്യൻ ടെക്നോളജി രംഗത്തെ ആദ്യ സ്ഥാനക്കാരായിരുന്നു.
2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് രാജീവ് തൻ്റെ വ്യവസായ ശൃംഖല വിപുലീകരിച്ചു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. ആദ്യം സ്വതന്ത്ര എം.പിയായിട്ടാണ് രാജ്യസഭയിൽ എത്തിയതെങ്കിലും പിന്നീട് ബിജെപിയിൽ ചേർന്നു. 2021 ല്‍ കേന്ദ്രസഹമന്ത്രിയായി. ഇതേ കാലയളവിൽ കേരള എന്‍ഡിഎയുടെ വൈസ് ചെയർമാൻ സ്ഥാനം വഹിച്ചു. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യയാൾ എന്ന വിശേഷണവും രാജീവിന് സ്വന്തം.