സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ഇതാരു പറഞ്ഞു എന്നായിരുന്നു കേന്ദ്രമന്ത്രി തിരിച്ചു ചോദിച്ചത്. മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് ബദലാകുമെന്ന തരത്തിലുള്ള വാദങ്ങള്‍ക്കിടെയാണ് റെയില്‍വേ മന്ത്രിയുടെ മറുപടി.
കെ റെയില്‍ നടപ്പാക്കാനാകില്ലെന്ന് നിലപാട് നേരത്തെ ബിജെപി സംസ്ഥാന നേതാക്കളും റെയില്‍വേ മന്ത്രാലയവും പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോഡുവരെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യം തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള സര്‍വീസാണ് പ്രഖ്യാപിച്ചിരുന്നത്.
രണ്ട് ഘട്ടമായി വേന്ദഭാരതിന്റെ ട്രാക്ക് പരിഷ്കരണം നടപ്പാക്കും. ഇതോടെ നിലവില്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തിലോടുന്ന കേരളത്തിലെ റെയില്പാളങ്ങളെല്ലാം 110 കിലോമീറ്ററിലേക്ക് മാറും. അതേസമയം വന്ദേഭാരതിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.