രാഹുൽ ഗാന്ധി തിരികെ തുഗ്ലക്കിലെ ഔദ്യോഗിക വസതിയിലേക്ക്. എം പി സ്ഥാനം തിരികെ ലഭിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ നൽകി. തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി തിരികെ നൽകുന്നതായി ലോക്സഭാ കമ്മിറ്റിയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ ലഭിച്ചത്. അതിനു പിന്നാലെയാണ് ഔദ്യോഗിക വസതിയും നൽകിയത്.
മോദി പരാമർശത്തിലെ അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നായിരുന്നു രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടമായത്. പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുൽ ഗാന്ധി ‘അമ്മ സോണിയ ഗാന്ധിയ്ക്കൊപ്പമായിരുന്നു താമസം. പിന്നീട് മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്ക് മാറുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചതിനാൽ വസതി തിരികെ നൽകാൻ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്സഭാ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് “ഈ രാജ്യം മുഴുവൻ എന്റെ വസതിയല്ലേ” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.