ഖുർ ആൻ കത്തിച്ച സംഭവത്തിൽ സ്വീഡനെതിരെ മുസ്ലീം രാഷ്ട്രങ്ങൾ. ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയും മെക്കയിൽ ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സ്വീഡനിലെ സ്റ്റോൽക്ക്ഹോം നഗരത്തിൽ ഖുആർആൻ കത്തിച്ചുള്ള പ്രതിഷേധം അരങ്ങേറിയത്. ഇതിനെതിരെ അതിരൂക്ഷ വിമർശനവും പ്രതിഷേധവും ആണ് മുസ്ലീം രാഷട്രങ്ങളിൽ നിന്നും ഉയരുന്നത്.
ലോകമാകെയുള്ള മുസ്ലീങ്ങളെ സ്വീഡനിലെ സംഭവം മുറിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംഭവമെന്ന് ഇറാഖ് കുറ്റപ്പെടുത്തി. ഖുർ ആൻ കത്തിക്കുന്നത് പോലെ പ്രകോപനപരമായ ഒരു പ്രവൃത്തിക്ക് ഒത്താശ ചെയ്ത സ്വീഡൻ്റ് നടപടിയേയും ഇറാഖ് വിമർശിച്ചു. സ്വീഡിഷ് അംബാസിഡറെ വിളിച്ചു വരുത്തി ഇറാഖ് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനു പിന്നാലെ ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിലേക്ക് നൂറുകണക്കിന് പേർ പങ്കെടുത്ത വലിയ പ്രതിഷേധപ്രകടനവും ഉണ്ടായി.
ഇറാഖിൽ നിന്നും സ്വീഡനിലേക്ക് കുടിയേറിയ സൽവാൻ മൊമിക എന്ന 37-കാരനാണ് ഖുർ ആൻ കത്തിച്ചത്. വിശുദ്ധ ഗ്രന്ഥം വലിച്ചു കീറിയ ശേഷമാണ് ഇയാൾ അതിന് തീയിട്ടത്. സ്റ്റോക്ക്ഹോമിലെ സെൻട്രൽ മോസ്ക്കിന് മുന്നിൽവച്ചു നടന്ന ഈ സംഭവമാണ് ഇസ്ലാമിക രാഷ്ട്രങ്ങളിലാകെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരം പ്രകോപനങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്ന് തുർക്കി പ്രസിഡൻ്റ് തയ്യീപ് എർദോഗൻ സ്വീഡനെതിരെ തുറന്നടിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ മുസ്ലീം മതവിശ്വാസത്തെ അപമാനിക്കുന്ന പശ്ചാത്യരെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും – എർദോഗൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധിച്ച മൊറോക്കോ സ്വീഡനിലെ തങ്ങളുടെ അംബാസിഡറെ തിരികെ വിളിച്ചു. സംഭവത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നതായി ഇറാൻ അറിയിച്ചു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത അങ്ങേയറ്റം പ്രകോപനപരമായ പ്രവൃത്തിയാണിതെന്നും ഇറാൻ വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു.
തുടർച്ചയായി സംഭവിക്കുന്ന ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് സൌദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബലിപെരുന്നാൾ ദിനത്തിൽ ഖുർ ആൻ കത്തിച്ച നടപടി പ്രകോപനപരമാണെന്നും യൂറോപ്പിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും ഇസ്ലാമോഫോബിയ വളർത്താൻ ശ്രമിക്കുന്നതും ആശങ്കാ ജനകരമാണെന്നും ഈജിപ്ത് നിലപാട് എടുത്തു. സ്വീഡിഷ് അംബാസിഡറെ വിളിച്ചു വരുത്തി യുഎഇയും സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.