ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന വേദിയില്‍ പലസ്തീനിനെക്കുറിച്ച് പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബെത്ലഹേമില്‍ ഇത്തവണ ഇത്തവണ ക്രിസ്തുമസ് ഉണ്ടായിരുന്നില്ലന്നും യേശു ജനിച്ചിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് ഇന്നുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീന് എന്ന് കേള്‍ക്കുമ്പോള്‍ മുസ്ലീങ്ങളുടെ ചിത്രം മാത്രമാണ് പലര്‍ക്കും ഓര്‍മവരിക. എന്നാല്‍ അവിടെ ക്രൈസ്തവരുണ്ട്. അവരും കൊല്ലപ്പെടുന്നുണ്ട്. യേശു ജനിച്ച ബെത്ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ഉണ്ടായിരുന്നില്ല. പുല്‍ക്കൂട് ഉണ്ടായിരുന്നില്ല. യേശു ജനിച്ചയിടത്ത് കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. മനുഷ്യത്വത്തിനെതിരായാണ് ഈ ആക്രമണം നടക്കുന്നത്. എന്തുകൊണ്ടാണ് താന്‍ ഇത് പറയുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവാം. ഗുരു സന്ദേശത്തിന്റെ തെളിച്ചം എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല,’ മുഖ്യമന്ത്രി ശിവഗിരി വേദിയില്‍ പറഞ്ഞു.
മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ജാതി ചിന്ത വെടിഞ്ഞ് മാനവികതയിലൂന്നിയ ഐക്യ ബോധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ശിവഗിരി തീര്‍ത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുവാദം നല്‍കിയത്. ജീര്‍ണിച്ച അനാചാരങ്ങളും അന്യായമായ നികുതി ഭാരങ്ങളും അയിത്തവും ഭൂപ്രമാണിമാരുടെ ഭീഷണികളുമൊക്കെയായി മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ജീവിതം ദുസ്സഹമായ അവസ്ഥയില്‍ മനുഷ്യത്വം പാടെ അസ്തമിച്ച ഒരു ചരിത്ര ഘട്ടത്തില്‍ ഉയര്‍ന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരു. സമൂഹത്തെയും ജീവിതത്തെയും മനുഷ്യത്വ വത്കരിക്കുകയാണ് ഗുരു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.