താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ ക്വട്ടേഷന്‍ സംഘം ഇറക്കിവിട്ടത് മൈസൂരിലെന്ന് റിപ്പോര്‍ട്ട്. മൈസൂരില്‍ നിന്ന് ബസില്‍ തിങ്കളാഴ്ച ഉച്ചയോടെ ഇയാള്‍ താമരശ്ശേരി തച്ചന്പൊയിലിലെ ഭാര്യവീട്ടിലെത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയില്‍ എടുത്ത് വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടു പോവുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ക്വട്ടേഷന്‍ സംഘം ആവശ്യപ്പെട്ടതു പ്രകാരം പണം നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഷാഫിയെയും ഭാര്യ സനിയയെയും ഏപ്രില്‍ ഏഴിനാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള തിരച്ചില്‍ നടന്നുവരികയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ ഒരു വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.
സൗദി രാജകുടുംബത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത 325 കിലോ സ്വര്‍ണത്തിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഷാഫി വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മായില്‍ ആസിഫ്, ഹുസൈന്, അബ്ദുറഹ്മാന് എന്നിവരാണ് അറസ്റ്റിലായത്.
ദുബായ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന മൊഴികളും കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.