ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് എത്തുന്നവർക്കായി ഷട്ടിൽ വിമാനങ്ങൾ പ്രഖ്യാപിച്ച് ജസീറ എയർവേസ്. ഫുട്ബോൾ ആരാധകരെ മത്സര ദിവസങ്ങളിൽ കുവൈറ്റിൽ നിന്ന് ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് എത്തിക്കുന്നതാണ് പുതിയ ഷട്ടിൽ സർവീസ്. ഇതിനായി ഖത്തർ എയർവേയ്സും ജസീറ എയർവേസും തമ്മിൽ കരാറായി.
കിക്ക് ഓഫിന് നാല് മണിക്കൂർ ദോഹയിൽ എത്തിക്കുകയും ഫൈനൽ വിസിലിന് ശേഷം നാല് മണിക്കൂർ കഴിഞ്ഞ് തിരിച്ച് കുവൈറ്റിലേക്ക് മടങ്ങുകയും ചെയ്യുന്നതിന് ദിവസേന ആറ് ഫ്ലൈറ്റുകൾ സർവീസ് നടത്തും. നോക്കൗട്ട് ഘട്ടങ്ങൾക്കായി നാലും ഫൈനൽ മത്സരത്തിനായി മൂന്നും വിമാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 21ന് തുടങ്ങുന്ന മത്സരം ഡിസംബർ 18 അവസാനിക്കും.
എല്ലാ വിമാനങ്ങൾക്കും jazeeraairways.com വെബ്സൈറ്റിലും ജസീറ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. സെപ്തംബർ ആദ്യം ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ദോഹയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം മത്സര ദിന ടിക്കറ്റ് ഉണ്ടായിരിക്കണം.