ലോകകപ്പ് മത്സരത്തിന് 100 ദിനം കൂടി ബാക്കിനിൽക്കേ മത്സരത്തിൽ ഉപയോഗിക്കുന്ന പന്ത് ചർച്ചയാവുന്നു. ‘അൽ റിഹ്ല’ എന്ന് പേരിട്ടിരിക്കുന്ന പന്തിന്റെ അർത്ഥം ‘യാത്ര’ എന്നാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്താണ് അൽ റിഹ്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഖത്തറിന്റെ വാസ്തുവിദ്യയും സാംസ്കാരിക പാരമ്പര്യവും ദേശീയ പതാകയും ഐക്കണിക്ക് ബോട്ടുകളും എല്ലാം പന്തിന്റെ രൂപകല്പനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പാകിസ്ഥാനിലും ചൈനയിലുമായാണ് പന്തിന്റെ നിർമാണം നടന്നത്. പ്രശസ്ത ബ്രാൻഡ് ആയ അഡിഡാസാണ് പന്ത് നിർമിച്ചിരിക്കുന്നത്. തുടർച്ചയായ 14 ആം തവണയാണ് അഡിഡാസ് ലോകകപ്പ് മത്സരങ്ങൾക്ക് വേണ്ടി പന്തുകൾ നിർമ്മിക്കുന്നത്.
പന്തിനകത്ത് ഒരു മോഷൻ സെൻസർ ഘടിപ്പിച്ചിട്ടുള്ളത് കാരണം പന്ത് തട്ടുന്ന നിമിഷം കളിക്കാരന്റെ സ്ഥാനം ട്രാക്ക് ചെയ്യാനാവും. നിലവിൽ വി എ ആർ സംവിധാനത്തിൽ 75 സെക്കന്റ് സമയമാണ് എടുക്കാറുള്ളത്. എന്നാൽ അൽ റിഹ്ലയ്ക്ക് 25 സെക്കന്റുകൾ മാത്രം മതിയാവും. പരിസ്ഥിതി സഹൃദമായി ജലം അടിസ്ഥാനമാക്കി മഷിയും പശകളും ഉപയോഗിച്ചാണ് പന്ത് നിർമിച്ചിരിക്കുന്നത്. പന്തിന്റെ പാനലുകൾ ചൂട് ഉപയോഗിച്ചാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. 643 ഖത്തർ റിയാലാണ് (13,000 ഇന്ത്യൻ രൂപ) പന്തിന്റെ വില. വില്പനയുടെ ഒരു ശതമാനം കോമൺ ഗോൾ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് നൽകും.