ബീഹാറിലേതു പോലെ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. വെള്ളിയാഴ്ച ജയ്പൂരില്‍ പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെലോട്ട്.
ജനങ്ങളുടെ പങ്കാളിത്തം അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഉറപ്പാക്കണമെന്ന ആശയത്തെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബീഹാറിലേതിന് സമാനമായ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തും നല്‍കുമെന്നാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.
രാജ്യത്തിനകത്ത് പല ജാതിയിലുള്ളവരും മതസ്ഥരും താമസിക്കുന്നുണ്ട്. ഇവിടെ പല ജാതിയിലുള്ളവര്‍ പല ജോലി ചെയ്യുന്നുണ്ട്. ഏത് ജാതിയില്‍ എത്ര ജനസംഖ്യയുണ്ട് എന്നറിഞ്ഞാല്‍ അവര്‍ക്കായി എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് അറിയാന്‍ കഴിയും. ജാതി തിരിച്ചുള്ള സ്കീമുകള്‍ തയ്യാറാക്കാന്‍ എളുപ്പമാണെന്നും ഗെലോട്ട് പറഞ്ഞു.
ഛത്തീസ്ഗഢില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവിടെയും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പ്രിയങ്കാ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢിലെ കാങ്കറില്‍ വെച്ച് പൊതു പരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം.
ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ജാതി സെന്‍സസ് പുറത്തുവിട്ടത്. പിന്നാലെ ജാതി സെന്‍സസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ പ്രതികരിച്ചിരുന്നു.