ഖത്തറിലെ കളിയാരവങ്ങൾക്ക് ഇന്ന് കിക്കോഫ്. ഇന്ന് വൈകിട്ട് ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ ലോകം ഫുട്ബോളിനൊപ്പം ചലിക്കും. ഉദ്ഘാടന ചടങ്ങിൽ അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേള ഒരുക്കും. ഇനി ഒരുമാസക്കാലം ചർച്ചകളിൽ നിറയുന്നത് കാൽപന്ത് വിശേഷങ്ങൾ മാത്രമായിരിക്കും.
പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾക്കിടയിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക’ ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്നതാണ്. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളും മത്സരത്തിനായി പൂർണസജ്ജമാക്കിയിട്ടുണ്ട്. ലോകകപ്പിനുള്ള എല്ലാ ടീമുകളും രാജ്യത്തെത്തി. എഴു ഭൂഖണ്ഡങ്ങളിലെ 32 ടീമുകളാണ് എട്ട് ഗ്രൂപ്പുകളിലായി പോരിനെത്തുന്നത്.
ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും എംബാപ്പെയും മുള്ളറും ഉൾപ്പെടെ 736 കളിക്കാരാണ് ഖത്തറിൽ പന്ത് തട്ടുക. ഖത്തറിലെ 8 സ്റ്റേഡിയങ്ങൾ ഫുട്ബോൾ മാന്ത്രികക്കാഴ്ചകൾക്ക് തയ്യാറെടുത്തു കഴിഞ്ഞു. 29 ദിനരാത്രങ്ങൾ ലോകം കണ്ട ഏറ്റവും മനോഹര ഉത്സവമായി ഖത്തർ ലോകകപ്പ് മാറും. ഡിസംബർ 18 ന് ഐക്കണിക്സ്റ്റേഡിയമായ ലുസൈലിൽ നടക്കുന്ന ഫൈനലോടെ വിശ്വ കാൽപന്ത് കളി മാമാങ്കത്തിന് കൊടിയിറങ്ങും.
ലോകത്തിന്റെ മുക്കിലും മൂലയിലും കാൽപന്താരാധകർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിശ്രമില്ലാതെ ഖത്തർ ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഓരോരുത്തരും നെഞ്ചേറ്റിയ ടീം കിരീടം ചൂടുന്ന രാവ് വരെ ആവേശം ചോരാതെ ഖത്തറിലെ പന്തിനൊപ്പം ചലിക്കാം…