ലോകകപ്പ് മത്സരങ്ങൾക്ക് ശേഷവും നിരവധി കായിക മേളകൾ ഖത്തറിൽ നടക്കും. ലോകകപ്പ് സംഘാടക സമിതിയ്ക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിമ്പിക്സിനായി വീണ്ടും ബിഡ് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ആദിത്വം വഹിക്കുന്നത് തുടരും. 2030 ലെ ഏഷ്യൻ ഗെയിംസും ഖത്തറിലാണ് നടക്കുന്നത്. അതേസമയം 2023 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരവും ഖത്തറിൽ വച്ച് നടത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.
” പുതിയ സംസ്കാരങ്ങളെയും വൈവിധ്യങ്ങളെയും അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണിത്. പൊതു മാനവികതയുടെ ആഘോഷം കൂടിയാണ് ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് . എല്ലാവരെയും ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു ” – ന്യൂയോർക്കിൽ സമാപിച്ച കോൺകോർഡിയ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് തവാദി പറഞ്ഞു.