കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നടുമണ്ണൂര്‍ എല്‍.പി സ്കൂളില്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഗണപതിഹോമം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. കുന്നുമ്മല്‍ എ.ഇ.ഒയോടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഗണപതിഹോമവും പൂജയും നടന്നത്. സംഭവത്തിനെതിരെ സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. സ്കൂള്‍ മാനേജര്‍ അരുണയുടെ മകന് രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.
അതേസമയം പൂജ നടന്നത് തന്റെ അറിവോടെയല്ലെന്നാണ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സജിത ടികെയുടെ വാദം. രാത്രി ഏഴ്മണിയോടെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളില്‍ പൂജ നടത്താറില്ലെന്നാണ് ഹെഡ്മിസ്ട്രസിന്റെവാദം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാര്‍ച്ച് നടത്തും.