ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ച് ഖത്തർ. വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ കോർപറേഷന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻചുമ എന്നിവയ്ക്കെതിരായാണ് ക്യാമ്പയിൻ.
ഫെബ്രുവരി പകുതിയോടുകൂടിയായിരിക്കും വാർഷിക ക്യാമ്പയിന് തുടക്കമാവുക. ഖത്തറിലെ സ്വതന്ത്ര -സ്വകാര്യ- പൊതു സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ ഹൈസ്കൂൾ പഠനം നടത്തുന്ന പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രതിരോധശേഷി വർധിപ്പിക്കുക എന്നതും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാർഷിക പരീക്ഷകളുടെ കാലത്ത് വിദ്യാർത്ഥികളെ രോഗത്തിന്റെ പിടിയിൽ പെടാതെ നോക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ വിഭാഗം പറഞ്ഞു.
ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് എന്നീ രോഗങ്ങൾക്കെതിരെ പത്ത് വർഷം കൂടുമ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശവും കണക്കിലെടുത്താണ് പ്രതിരോധ ക്യാമ്പയിനും വാക്സിനേഷനും.