പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ. മുവാസലാത്ത് (കർവ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവി ഖാലിദ് ഹസൻ കഫൂദ് ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിന് ഫിഫ ലോകകപ്പ് സുപ്രധാന സംഭാവനകളാണ് സമ്മാനിച്ചത്. പരിസ്ഥിതി സൗഹൃദ ബസുകളുള്ള വിപുലമായ ഗതാഗത സംവിധാനമാണ് ഇപ്പോൾ ഖത്തറിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പൊതുഗതാഗത ബസുകൾക്ക് പുറമേ സ്കൂളുകൾക്കായി മുവാസലാത്ത് 2500 പരിസ്ഥിതിസൗഹൃദ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 60,000 വിദ്യാർഥികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും കഫൂദ് വ്യക്തമാക്കി. കൂടാതെ ലുസൈൽ ഡിപ്പോ ഗിന്നസ് ബുക്കിൽ ഇടം നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 478 ബസുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയാണ് ലുസൈൽ ബസ് ഡിപ്പോ. ഇവിടെ ചാർജ് ചെയ്യുന്നതിനായി സൗരോർജത്തെയാണ് ആശ്രയിക്കുന്നത്. ഏകദേശം 11,000 പിവി സോളാർ പാനലുകളാണ് ഇതിനായി മാത്രം ഉപയോഗിച്ചിരിക്കുന്നത്.
ഗതാഗത മന്ത്രാലയത്തിന്റെ ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമാണ് ലുസൈൽ ഡിപ്പോ. എട്ട് ബസ് സ്റ്റേഷനുകളും നാല് ഡിപ്പോകളും ഇ-ബസ് പ്രവർത്തനങ്ങൾക്കായി 650ലധികം ഇലക്ട്രിക് ചാർജിങ് യൂണിറ്റുകളും ഇവിടെയുണ്ട്. കൂടാതെ ദോഹ നഗരത്തിനകത്തും പുറത്തുമായി 2300 ബസ് സ്റ്റോപ്പുകളും പൊതുഗതാഗതത്തിനും മൊബിലിറ്റിക്കുമായി നാല് പാർക്ക് ആൻഡ് റൈഡ് സേവനങ്ങളും ഇവിടെ സജ്ജമാണ്. ലോകകപ്പ് സമയത്ത് 4000 ബസുകളും 90 രാജ്യങ്ങളിൽ നിന്നായി 18,000ലധികം ജീവനക്കാരെയും അധികൃതർ തയ്യാറാക്കിയിരുന്നു. കൂടാതെ പ്രത്യേക പരിശീലനം നൽകിയ ആയിരക്കണക്കിന് ഡ്രൈവർമാരെയും കർവ വിന്യസിച്ചിരുന്നു. 900 ഇ-ബസുകൾ ടൂർണമെന്റിന് മാത്രമായും സർവീസ് നടത്തിയിരുന്നു.