പ്ലാസ്റ്റിക് കുപ്പികളാൽ ഖത്തർ എന്നെഴുതി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഖത്തർ. 14,183 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ ചേർത്ത് വെച്ചാണ് ഖത്തർ എന്ന വാക്ക് മനോഹരമായി രൂപീകരിച്ചത്. ഇത്രയധികം കുപ്പികൾ ഉപയോഗിച്ച് തീർത്ത സൃഷ്ടി ഇപ്പോൾ റെക്കോർഡ് നേട്ടത്തിലൂടെ ശ്രദ്ധേയമായിരിക്കുകയാണ്.
ഖത്തർ 2022 സുസ്ഥിരതാ വാരത്തിന്റെ ഭാഗമായി സീഷോർ ഗ്രൂപ്പിന്റെ വിഭാഗമായ സീഷോർ റീസൈക്ലിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി സെന്ററാണ് ഈ ആശയം മുന്നോട്ടുവച്ചത്. നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സംഘടനാ നിലവാരത്തിൽ തന്നെ മതിപ്പുളവാക്കുന്നതായിരുന്നു നേട്ടമെന്ന് പരിപാടിയിൽ സംസാരിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ജഡ്ജി പ്രവീൺ പട്ടേൽ പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് അറബിയിൽ “സലാം” എന്ന വാക്ക് എഴുതിയതിനാണ് മുമ്പ് റെക്കോർഡ് ലഭിച്ചത്. 2021 ജൂൺ 7 ന് സൗദി അറേബ്യയിലെ അൽ-ഇത്തിഫാഖ് ക്ലബാണ് ഈ നേട്ടം കൈവരിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ ഖത്തർ തിരുത്തിക്കുറിച്ചത്.