ഫുട്ബോൾ കൊണ്ടുണ്ടാക്കിയ ലോകത്തെ ഏറ്റവും വലിയ പതാകയ്ക്കുള്ള ഗിന്നസ് റെക്കോർഡ് നേടി ഖത്തർ. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ പുതിയതായി തുറന്ന അരീനയിലാണ് ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ പതാക തയാറാക്കിയത്.
ഫിഫ ലോകകപ്പും ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ പരിപാടികളും ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് പതാക സജ്ജമാക്കിയത്. 11 മീറ്റർ നീളവും 28 മീറ്റർ വീതിയുമുണ്ട് ഈ ഫുട്ബോൾ പതാകയ്ക്ക്. ഖത്തറിൻ്റെ ദേശീയ പതാകയുടെ നിറങ്ങൾ കാണിക്കാൻ 6,000ലധികം മെറൂൺ, വെള്ള ഫുട്ബോളുകളാണ് ഉപയോഗിച്ചത്.
ഇൻ്റർനാഷനൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ വിസയുടെയും ദോഹ ഫെസ്റ്റിവൽ സിറ്റിയുടെയും സഹകരണത്തോടെയാണ് ക്യുഐബി ഗിന്നസിലേക്ക് കയറിയത്. ഫെസ്റ്റിവൽ സിറ്റി അരീനയിൽ അതിഥികൾക്കും ഫുടബോൾ പ്രേമികൾക്കുമായി ക്യുഐബി ആധുനിക സൗകര്യങ്ങളുള്ള ലോഞ്ചും തുറന്നിട്ടുണ്ട്.
ഡിസംബർ 18വരെ എല്ലാ ദിവസവും ലോഞ്ച് തുറക്കും.
മത്സരങ്ങൾ തൽസമയം ആസ്വദിക്കാൻപ്രത്യേക ലോഞ്ചിനു പുറത്ത് 3 മെഗാ സ്ക്രീനുകളുമുണ്ട്. ക്യുഐബി വിസ കാർഡ് ഉടമകൾക്ക് ക്ഷണമുണ്ടെങ്കിൽ മാത്രമായിരിക്കും ലോഞ്ചിലേക്ക് പ്രവേശനം അനുവദിക്കുക.