പല നിറത്തിലും രൂപത്തിലും അകൃതിയിലുമുള്ള കേക്കുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ വ്യത്യസ്തമായ ഒരു കേക്ക് നിർമാണമാണ് ദോഹയിലെ പ്രവാസി മലയാളിയെ വേറിട്ട് നിർത്തുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രൂപം കേക്കിൽ ഒരുക്കിയാണ് കുഴുപ്പിള്ളി ചെറുവൈപ്പിൻ സ്വദേശിയായ സെബാസ്റ്റ്യൻ ശ്രദ്ധ നേടുന്നത്. ശിൽപി കൂടിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി ദോഹയിലെ കേക്ക് ഡിസൈനിങ് ഷോപ്പിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്.
ഒരു മാസം കൊണ്ടാണ് ഖത്തർ അമീറിന്റെ അർധകായ രൂപത്തിലുള്ള കേക്ക് പൂർത്തിയാക്കിയത്. സഹപ്രവർത്തകനായ കോഴിക്കോട് വാണിമേൽ സ്വദേശി നവാസിന്റെ പ്രോത്സാഹനമാണ് അമീറിന്റെ രൂപത്തിൽ കേക്ക് ഡിസൈൻ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ഈ വൈറൽ കേക്കിന് രണ്ട് അടി ഉയരവും 11 കിലോഗ്രാം തൂക്കവുമുണ്ട്.
ഷോപ്പിലെ ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ സുഹൃത്തായ രമേഷ് അയ്യമ്പിള്ളിയും സെബാസ്റ്റ്യന്റെ കേക്ക് നിർമാണത്തിൽ പങ്കാളിയായിരുന്നു. നാട്ടിൽ സിമന്റിലും പ്ലാസ്റ്റർ ഓഫ് പാരിസിലും സെബാസ്റ്റ്യൻ ഒരുക്കിയ നിരവധി ശിൽപ്പങ്ങൾ ജന ശ്രദ്ധ നേടിയിരുന്നു. ഇതാണ് കേക്കില്‍ പരീക്ഷണം നടത്താന്‍ സെബാസ്റ്റ്യന്‍ ആത്മവിശ്വാസം നല്‍കിയത്. അതേസമയം കേക്ക് നേരിട്ട് അമീറിന് നൽകണമെന്നാണ് സെബാസ്റ്റ്യന്റെ ആഗ്രഹം.