ലോകത്തെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേസ് സർവീസുകൾ വ്യാപിപ്പിക്കുന്നു. ഏഴു പുതിയ നഗരങ്ങളിലേക്ക് കൂടി സർവീസ് വർധിപ്പിക്കാൻ ആണ് തീരുമാനം. കൂടാതെ നേരത്തേ സർവിസ് നടത്തിയിരുന്ന 11നഗരങ്ങളിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്യും. ഐടിബി ബർലിൻ കൺവെൻഷനിൽ വച്ചായിരുന്നു ഖത്തർ എയർവേയ്സിന്റെ പുതിയ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനമാണ് ഐടിബി ബർലിൻ (ഇന്റർനാഷണൽ ടൂറിസം ബോർസെ). പ്രതിവർഷം പ്രദർശനത്തിനായി 180 രാജ്യങ്ങളിൽ നിന്ന് ഏകദേശം 10,000 പ്രദർശകരാണ് ഐടിബി ബർലിനിൽ പങ്കെടുക്കുക. അതേസമയം ആഗോള യാത്രാ മേഖലയിലെ പ്രമുഖരുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുകയാണെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. പുതിയ നേട്ടങ്ങൾക്കായി പുതിയ സർവീസുകൾ ആരംഭിക്കുകയാണെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ് സിഇഒ അക്ബർ അൽ ബാകിർ കൂട്ടിച്ചേർത്തു. സ്കൈട്രാക്സ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ ഏറ്റവും മികച്ച വിമാന സർവീസിനുള്ള പുരസ്കാരവും ഖത്തർ എയർവേസ് സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹബ്ബാക്കി മാറ്റി 150ൽ പരം നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവീസ് നടത്തുന്നത്. അതേസമയം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് ആഴ്ചയിലുള്ള 42 സർവീസുകളിൽ നിന്നും 45 എണ്ണമായി ഉയർത്തിയിട്ടുണ്ട്. മിലാനിലേക്കുള്ള 16 സർവീസുകളിൽ നിന്നും 21 എണ്ണമായി വർധിപ്പിക്കുകയും ചെയ്തു. വേനൽക്കാല തിരക്കുകൂടി പരിഗണിച്ചാണ് യൂറോപ്യൻ, ആഫ്രിക്കൻ, ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് കൂട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ നാഗ്പൂരിലേക്ക് പ്രതിവാര സർവീസ് എണ്ണം നാലിൽ നിന്ന് ഏഴായി ഉയർത്തുകയും ചെയ്തു.
പുതിയ സർവീസുകൾ
ചിറ്റഗോങ് (ബംഗ്ലാദേശ്), ടൊളോസ് (ഫ്രാൻസ്), ജുബ (ദക്ഷിണ സുഡാൻ), കിൻഷ (ഡി.ആർ കോംഗോ), ലിയോൺ, മെഡാൻ (ഇന്തോനേഷ്യ), ട്രാബ്സോൺ(തുർക്കിയ) എന്നീ ഏഴു നഗരങ്ങളിലേക്കാണ് ഖത്തർ എയർവെയ്സിന്റെ പുതിയ സർവീസുകൾ. അതോടൊപ്പം ബെയ്ജിങ് (ചൈന), നോംപ്നെ (കംബോഡിയ), ബർമിങ്ഹാം(ഇംഗ്ലണ്ട്), കാസബ്ലാങ്ക, മറാക്കിഷ്(മൊറോക്കോ), ദാവോ (ഫിലിപ്പീൻസ്), ഒസാക്ക(ജപ്പാൻ), റാസൽ ഖൈമ (ദുബായ്), ടോക്യോ ഹനേഡ(ജപ്പാൻ), ബ്വേനസ് ഐറിസ് (അർജന്റീന), നീസ്(ഫ്രാൻസ്) എന്നീ നഗരങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിക്കാനുമാണ് തീരുമാനം.