ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷിനെതിരായ ലൈംഗികാരോപണത്തിൽ സമരത്തിലേർപ്പെടുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കുന്നു, സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു പി ടി ഉഷ പറഞ്ഞത്. എന്നാൽ പി ടി ഉഷയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അവരുടെ അവകാശങ്ങൾക്കായാണ് അവർ നിലകൊള്ളുന്നതെന്നും അല്ലാതെ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കാനല്ലെന്നുമാണ് കോൺഗ്രസ് എം പി ശശി തരൂർ പറഞ്ഞത്.
“ആവർത്തിച്ചുള്ള ലൈംഗികാതിക്രമണത്തിനെതിരെ സഹതാരങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയായ നടപടിയല്ല. അവരുടെ ആശങ്കകളെ നിസ്സാരമായി തള്ളിക്കളയുന്നതിനു പകരം അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിൽ അന്വേഷണമാവശ്യപ്പെട്ട് ശരിയായ നടപടിയെടുക്കുകയും ചെയ്യുന്നതിലാണ് കാര്യം. അതാണ് നിങ്ങളുടെ പദവി ആവശ്യപ്പെടുന്നത് “- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ചു കൊണ്ട് കലാ-കായിക-സാംസ്കാരിക രംഗത്ത് നിന്നും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
“ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കുന്ന തരത്തിൽ ഗുസ്തിക്കാർ തെരുവുകളിൽ പ്രതിഷേധിക്കുന്നു എന്ന് പി ടി ഉഷ പറയുന്നു.എന്നാൽ ഡബ്ല്യൂ എഫ് ഐ അധ്യക്ഷനായ ഭരണകക്ഷിയിലെ എം പിക്കെതിരയി ആരോപണങ്ങളും അധികാര ദുർവിനിയോഗവും ആരോപിക്കപ്പെട്ടിട്ടും, സുപ്രീംകോർട്ട് ഉത്തരവുണ്ടായിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് മടിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് റോസാപ്പൂവിന്റെ മണം നൽകുന്നുണ്ടോ? നടപടി സ്വീകരിക്കുന്നതിനുള്ള ഇഴച്ചിൽ നിർത്തണം”-തൃണമൂൽ കോൺഗ്രസ് എം പി മഹുവേ മൊയ്ത്ര ട്വീറ്റ് ചെയ്തു.
‘തന്റെ സഹകായിക താരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നു. എത്രയും വേഗം നടപടിയുണ്ടാകണം” – നീരജ് ചോപ്ര (കായിക താരം)
“അവർക്ക് എന്നെങ്കിലും നീതി ലഭിക്കുമോ”?-കപിൽ ദേവ് (മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ )
“ലൈംഗിക പീഡനക്കേസിൽ പ്രതികളായ ജനപ്രതിനിധികൾ സ്വതന്ത്രരായി നടക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. നമ്മുടെ കായികതാരങ്ങൾ രാജ്യത്തിനായി നേട്ടം കൊയ്തവരും അഭിമാനമുയർത്തിയവരുമാണ്. അവർ പ്രതിഛായ നഷ്ടപ്പെടുത്തുന്നു എന്നാരോപിക്കുന്നതിനു പകരം അവർക്ക് വേണ്ടി കൂട്ടമായി ശബ്ദമുയർത്തണം”-പ്രിയങ്ക ചതുർവേദി (രാജ്യസഭാ അംഗം)
പരാതി ഉന്നയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗാട്ടിന്റെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ മൂന്ന് മാസത്തിനു ശേഷം ജന്തർ മന്ദറിൽ പ്രതിഷേധം പുനരാരംഭിച്ചത്.