റിയാദിലെ ചരിത്രപരമായ ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്ക് ജയം. നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചത്. മെസിയും റൊണാൾഡോയും നിറഞ്ഞാടിയ മത്സരം ആവേശകരമായിരുന്നു. റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും എംബാപ്പെയും ഗോൾ നേടി.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്കായി മെസി ആദ്യ ഗോൾ നേടി. മൂന്നാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 34-ാം മിനിറ്റില്‍ കൈലർ നവാസിന്റെ ഫൗളിന് കിട്ടിയ പെനാൽറ്റി വലയിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ ആദ്യ ഗോൾ നേടി.
39-ാം മിനിറ്റില്‍ യുവാൻ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും 43-ാം മിനിറ്റില്‍ മാർകീഞ്ഞോസിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. എന്നാൽ, ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ടീമിനെ ഒപ്പമെത്തിച്ച് റൊണാൾഡോ വീണ്ടും സൗദി ഓള് സ്റ്റാറിനായി സ്കോര്‍ ചെയ്തു.
53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. 56-ാം മിനിറ്റില്‍ ജാങ് ഹ്യൂൻ സൂവിന്റെ ഗോളിലൂടെ സൗദി ഒപ്പമെത്തിയെങ്കിലും പിന്നാലെ എംബാപ്പെയുടെ ഗോളിൽ പിഎസ്ജി വീണ്ടും മുന്നിലെത്തി. പെനല്‍റ്റിയിലാണ് എംബാപ്പെ ലക്ഷ്യം കണ്ടത്.