ഓണ്‍ലൈന്‍ ലൈവിലൂടെ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞ കന്നട നടന് ഉപേന്ദ്രയ്ക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധം കനത്തതിന് പിന്നാലെ നടന് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ദൡത് സംഘടനാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ നടന്റെ പേരില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു.
ബെംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പൊലീസും ഹലസൂരു ഗേറ്റ് പൊലീസുമാണ് കേസെടുത്തത്. പട്ടിക ജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഉപേന്ദ്രയുടെ രാഷ്ട്രയ പാര്‍ട്ടിയായ ഉത്തമ പ്രജാകീയ പാര്‍ട്ടിയുടെ ആറാം വാര്‍ഷകത്തിന്റെ ഭാഗമായി ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചതാണ് വിവാദമായത്. സമൂഹത്തില്‍ എല്ലാത്തിനോടും നിഷേധാത്മകമായി പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ദളിതുകള്‍ക്കെതിരായി വിവാദ പരാമര്‍ശം നടത്തിയത്.
സംഭാഷണം വിവാദമായതോടെ നടന് മാപ്പ് പറഞ്ഞ് രംഗത്തെത്തി. വിവാദ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉപേന്ദ്രയ്ക്കെതിരെ ബെംഗളൂരുവിലും രാമനഗരയിലും കോലാറിലും ദളിത് സംഘടനാ പ്രവര്‍ത്തകര്‍ കോലം കത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം ഉപേന്ദ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉപേന്ദ്ര നല്കിയ ഹര്‍ജിയിലാണ് നടപടി.