നിറത്തിൻറെ പേരിൽ ബോളിവുഡിൽ തഴയപ്പെട്ടിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ഇരുണ്ട നിറമുള്ള പെൺകുട്ടികൾക്ക് സിനിമയിൽ അവസരം കുറവാണെന്നും വെളുത്തിരുന്നെങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമായിരുന്നെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. പലപ്പോഴും കഥാപാത്രങ്ങൾക്കായി തന്നെ വെളുപ്പിച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.
ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തിട്ടാണ് താൻ അമേരിക്കയിലേക്ക് ചേക്കേറിയതെന്നും നടി വ്യക്തമാക്കി. ബോളിവുഡിൽ പലപ്പോഴും താൻ തഴയപ്പെട്ടു. തന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു. പലരുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും പ്രിയങ്ക പറയുന്നു. അപ്പോഴാണ് സംഗീതം അവസരങ്ങൾ തുറന്നു നൽകിയത്. ഇഷ്ടമില്ലാതിരുന്നിട്ടും ഞാൻ ജോലി ചെയ്ത കാലമുണ്ടായിരുന്നു. ഇന്ന് ഞാൻ എനിക്ക് ലഭിക്കാത്ത സിനിമകൾക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു. അഞ്ജുല ആചാര്യയാണ് സംഗീത ലോകത്തേയ്ക്കുള്ള വഴി തുറന്നു തന്നതെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.
പ്രിയങ്കയുടെ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റം സംഗീതത്തിൽ മാത്രം ഒതുങ്ങിയില്ല. എബിസി സീരീസായ ‘ക്വാണ്ടിക്കോ’യിൽ ആണ് ആദ്യം താരം അഭിനയിച്ചത്. ‘ലവ് എഗെയ്ൻ’ എന്ന സിനിമയിലും ‘സിറ്റാഡൽ’ എന്ന വെബ് സീരീസുമാണ് പ്രിയങ്ക ചോപ്രയുടേതായി റിലീസിന് ഒരുങ്ങുന്നത്.