സലാര്‍ സിനിമയ്ക്ക് വേണ്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം അറിയിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. വിവിധ ഭാഷകളില്‍ താന്‍ തന്റെ കഥാപാത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരേ സിനിമയ്ക്കും ഒരേ കഥാപാത്രത്തിനും വേണ്ടി 5 ഭാഷകളില്‍ ഡബ്ബ് ചെയ്തത് ആദ്യ അനുഭവമായിരുന്നു എന്നും പൃഥ്വിരാജ് കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.
പൃഥ്വിരാജിന്റെ കുറിപ്പ്:
സലാറിന്റെ അവസാന ഡബ്ബിംഗ് കറക്ക്ഷനുകള് പൂര്‍ത്തിയാക്കി. എനിക്ക് ഞാന്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വിവിധ ഭാഷകളില്‍ ഞാന്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. പക്ഷെ ഒരേ സിനിമയിലെ ഒരേ കഥാപാത്രത്തിന് വേണ്ടി 5 ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നത് എനിക്ക് ആദ്യത്തെ അനുഭവമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ മലയാളം. അത് ചെയ്യാന്‍ സാധിച്ച ഒരു സിനിമയും. ദേവയും വര്‍ദ്ധയും നിങ്ങളെ ലോകമെനമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 22ന് കണ്ടുമുട്ടും.
അതേസമയം കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പ്രഭാസ്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. യഷും ചിത്രത്തിന്റെ ഭാഗമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇവരെ കൂടാതെ ശ്രുതി ഹസന്, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.