നടന് വിജയ്യോട് തനിക്ക് മത്സരമില്ലെന്നും കാക്കയുടെയും കഴുകന്റെയും കഥ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും നടന് രജിനികാന്ത്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കവും കഴിവും കൊണ്ടാണ് വിജയ് ഇപ്പോള്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് കേള്‍ക്കുന്നു. ഞങ്ങളെ താരതമ്യപ്പെടുത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും രജിനികാന്ത് പറഞ്ഞു.
‘കാക്കയുടെയും കഴുകന്റെയും കഥ പറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അത് വിജയിയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് നിരാശാജനകമായ കാര്യമായാണ് കാണുന്നത്. വിജയ് എന്റെ കണ്മുന്നിലാണ് വളര്‍ന്നത്. ‘ധര്‍മ്മത്തില്‍ തലൈവന്’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ 13 വയസുണ്ടായിരുന്ന വിജയിയെ എസ് എ ചന്ദ്രശേഖര്‍ എന്നെ പരിചയപ്പെടുത്തി. മകന് അഭിനയത്തില്‍ താത്പര്യമുണ്ടെന്നും എന്നാല്‍ വിജയിയോട് ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞാന്‍ അവനെ ഉപദേശിച്ചു. വിജയ് പിന്നീട് നടനായി. അദ്ദേഹത്തിന്റെ അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഇപ്പോള്‍ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്നത്.
വിജയ് അടുത്ത് തന്നെ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് കേള്‍ക്കുന്നു. ഞങ്ങള്‍ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്. ഞങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തരുത് എന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു,’ രജിനികാന്ത് പരിപാടിയില്‍ ആരാധകരോടായി പറഞ്ഞു.