ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ പർപ്പിൾ ഗൗൺ ലേലത്തിന്. മരിക്കും മുൻപ് നടത്തിയ അവസാന ഫോട്ടോഷൂട്ടിൽ ഡയാന രാജകുമാരി ധരിച്ച ഡീപ് പർപ്പിൾ സിൽക് വെൽവറ്റ് ഡ്രസ്സ് ആണ് ലേലത്തിന് വച്ചിരിക്കുന്നത്. 25 വർഷം മുൻപാണ് രാജകുമാരി ലോകത്തോട് വിട പറഞ്ഞത്. അതേസമയം ഫാഷൻ ലോകത്തുൾപ്പെടെ ഡയാന രാജകുമാരി ഇന്നും ചർച്ചാ വിഷയമാണ്.
ബ്രിട്ടീഷ് ഡിസൈനറായ വിക്ടർ എഡൽസ്റ്റൈനാണ് ഈ ബോൾ ഗൗൺ ഡിസൈൻ ചെയ്തിട്ടുള്ളത്. 1989ലെ വിക്ടറിന്റെ ശരത്കാല കളക്ഷനിലുള്ളതാണ് ഈ ഗൗൺ. 1991 ലെ ഛായാചിത്രത്തിന് ഇത് ധരിച്ചാണ് ഡയാന രാജകുമാരി നിന്നത്. 1997ലെ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ധരിച്ചിരുന്നത് ഈ വസ്ത്രമായിരുന്നു. ഇതായിരുന്നു മരണപെടുന്നതിന് മുൻപ് ഡയാന നടത്തിയ അവസാനത്തെ ഫോട്ടോഷൂട്ട്.
ജനുവരി 27ന് ആണ് ലേലം നടക്കുക. സോത്ബേ ഓക്ഷൻ ഹൗസ് ആണ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡയാന രാജകുമാരിയുടെയും സൗന്ദര്യവും പ്രൗഢിയും ഈ വസ്ത്രത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സോത്ബേസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റീന വാൽക്കർ പറഞ്ഞു.