സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി സലാലയിൽ നിര്യാതനായി. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുൾ ജമാൽ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി സലാല സെൻ്ററിലെ താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചത് അനുസരിച്ച് റോയൽ ഒമാൻ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം സുൽത്താൻ ഖബൂസ് ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാൻ ശ്രമം ആരംഭിച്ചതായി ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.
നേരത്തെ പല അറബ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന ജമാൽ അഞ്ച് മാസം മുൻപാണ് ഒമാനിലെത്തിയത്. സലാലയിലെ അൽ മഷൂറിന് സമീപം പുതിയ ഹോട്ടൽ തുടങ്ങാനിരിക്കെയാണ് മരണം. കദീജയാണ് മാതാവ്. ഭാര്യ: ഷൈമ. ബാദുഷ, ഷബീഹ ഫാത്തിമ എന്നിവരാണ് മക്കൾ.