തൊഴിലാളി സമരങ്ങൾ കാരണം ജീവിതം വഴിമുട്ടി ഷാർജയിലെത്തിയ ബസ് മുതലാളി പ്രകാശന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്നു. ഷാർജയിലെ വർക്ക് ഷോപ്പിൽ തൂപ്പുജോലിക്കാരനായ പ്രകാശൻ തന്റെ കവിതകളെ എന്നും നെഞ്ചോട് ചേർത്തുവച്ചിരുന്നു. തന്റെ കവിതകൾ വെളിച്ചം കാണണമെന്ന ആഗ്രഹം പ്രകാശൻ എഡിറ്റോറിയലുമായി പങ്കുവെച്ചിരുന്നു. ഈ വാർത്ത കണ്ട് യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും കോഴിക്കോട് സ്വദേശിയുമായ താഹിറ പ്രകാശന്റെ എൺപത് കവിതകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായവുമായി മുന്നോട്ട് വരികയായിരുന്നു.
പുറംലോകം അറിയപ്പെടാതെ പോയ നിരവധി കലാകാരന്മാർ പ്രവാസികൾക്കിടയിലുണ്ടെന്നും പ്രകാശന്റെ കവിതകൾ വെളിച്ചം കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താഹിറ പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലുള്ള തന്റെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്നും ഈ നിമിഷം വിശ്വസിക്കാൻ പറ്റുന്നില്ലെന്നും പ്രകാശൻ പറഞ്ഞു.
മഞ്ഞുമാസപക്ഷി എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരത്തിന്റെ കവർ പേജ് താഹിറ പ്രകാശന് നൽകി പ്രകാശനം ചെയ്തു. ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവത്തിൽ വച്ച് നവംബർ 6ന് പ്രകാശന്റെ കവിതകൾ പ്രദർശിപ്പിക്കും. ബുക്സ് ആൻഡ് ഫ്രെയിംസ് എന്ന ഷാർജയിലെ പബ്ലിഷറാണ് പുസ്തകം പുറത്തിറക്കുക.
തൃശൂർ മതിലകം സ്വദേശിയായ പ്രകാശൻ പത്ത് ലക്ഷത്തോളം കട ബാധ്യതയുമായാണ് ഷാർജയിലെത്തിയത്. ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രണ്ട് ബസുകളുടെ ഉടമസ്ഥനായിരുന്ന പ്രകാശൻ ഇപ്പോൾ ഷാർജയിലെ ഒരു വർക്ക് ഷോപ്പിൽ തൂപ്പുജോലി ചെയ്താണ് ജീവിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും പ്രകാശനെ മുന്നോട്ട് നയിച്ചിരുന്നത് കവിതകളായിരുന്നു.