പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതില്‍ പരിഹാസവുമായി തെന്നിന്ത്യന്‍ നടന് പ്രകാശ് രാജ്. വിശ്വഗുരുവിനെ അദ്ദേഹത്തിന്റെ ഗൃഹ പ്രവേശ ചടങ്ങില്‍ നമുക്ക് അനുമോദിക്കാം എന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
Lets Congratulate #Vishwaguru on his House Warming ceremony.. #ವಿಶ್ವಗುರು ವಿನ ಗ್ರುಹಪ್ರವೇಶಕ್ಕೆ ಅಭಿನಂದನೆಗಳನ್ನು ಸಲ್ಲಿಸೋಣ ..#justasking
— Prakash Raj (@prakashraaj) May 28, 2023
ഹൈന്ദവ ആചാര പ്രകാരം പൂജ നടത്തിയും വിളക്ക് കത്തിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ ഏഴര മുതല്‍ പൂജാകര്‍മങ്ങള്‍ നടത്തി. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷം സര്‍വമത പ്രാര്‍ത്ഥനയും നടന്നു.
രാവിലെ 7.30 ഓടെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തി. ഇതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയും സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും പ്രധാനമന്ത്രി ആദരിച്ചു.
ഉച്ചയ്ക്ക് ശേഷമുള്ള ചടങ്ങില്‍ 75 രൂപ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ സമാപിക്കും. അതേസമയം ചടങ്ങുകളില്‍ നിന്ന് കോണ്‍ഗ്രസ് അടക്കം ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. രാഷ്ട്രപതി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നത്.