കൊച്ചി: എറണാകുളം പെരുമ്പാവൂർ സ്വദേശിനി അസ്മ മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അസ്മ എന്ന വീട്ടമ്മ പ്രസവിച്ചത് എന്നാണ് വിവരം. ഒൻപത് മണിയോടെ യുവതി മരണപ്പെട്ടു. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയ ഭർത്താവ് സിറാജുദ്ദീൻ മൃതദേഹം അതിൽ കയറ്റി പെറ്റുവീണ ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സിറാജുദ്ദീൻ അസ്മ മരണപ്പെട്ടുവെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിക്കുന്നത്.
വിവരമറിഞ്ഞ് പരിഭ്രാന്തരായ വീട്ടുകാർ പെരുമ്പാവൂർ പൊലീസിൽ വിവരമറിയിച്ചു. അസ്മയുടെ പെരുമ്പാവൂരിൽ മൃതദേഹം എത്തിച്ച സിറാജുദ്ദീൻ അടുത്ത ദിവസം രാവിലെ തന്നെ മൃതദേഹം ഖബറടക്കാനുള്ള നീക്കം തുടങ്ങിയെങ്കിലും അതിനോടകം സ്ഥലത്ത് എത്തി പെരുമ്പാവൂർ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇതിനിടെ അസ്മയുടെ വീട്ടുകാർ സിറാജുദ്ദീനെ കൈയേറ്റം ചെയ്തുവെന്നും സൂചനയുണ്ട്.
സ്വന്തം നിലയിൽ പ്രസവമെടുക്കാനുള്ള ശ്രമത്തിലായിരുന്നു അസ്മയും ഭർത്താവും എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. എന്നാൽ പ്രസവത്തിനിടെ രക്തസ്രവം നിൽക്കാതെ വന്നതോടെ അസ്മ തന്നെ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിറാജുദ്ദീൻ ഇതിനു തയ്യാറായില്ലെന്നാണ് വിവരം. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നു. പിന്നീട് അസ്മയും സിറാജുദ്ദീനും അക്യുപങ്ചർ പഠിച്ചു. അസ്മയ്ക്ക് അക്യുപങ്ചർ പഠനത്തിൽ സർട്ടിഫിക്കറ്റുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാമത്തേയും നാലാമത്തേയും പ്രസവം വീട്ടിൽ വച്ചു തന്നെയായിരുന്നു എന്നാണ് വിവരം. ഈ ധൈര്യത്തിലാണ് അഞ്ചാമത്തെ പ്രസവവും വീട്ടിൽ വച്ചു നടത്തിയത്.
ആറ് മണിയോടെ അസ്മ പ്രസവിച്ചെന്നും ആണ്കുഞ്ഞാണെന്നും സിറാജുദ്ദീൻ ഭാര്യവീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. പ്രസവത്തിന് ശേഷവും അസ്മയുടെ രക്തസ്രവം നിന്നില്ല. പിന്നീട് ഒൻപത് മണിയോടെ ഇവർ മരണപ്പെട്ടു എന്നാണ് വിവരം. തുടർന്ന് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചു വരുത്തി മൃതദേഹവുമായി നേരെ പെരുമ്പാവൂരിലേക്ക് തിരിച്ചു. പ്രസവിച്ച് രണ്ട് മണിക്കൂർ മാത്രം പിന്നിട്ട ചോരക്കുഞ്ഞിനേയും എടുത്താണ് അസ്മയുടെ മൃതദേഹത്തിനൊപ്പം ഇയാൾ പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്. ഭാര്യയ്ക്ക് ശ്വാസതടസ്സമാണെന്നാണ് ഇയാൾ ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്. നവജാതശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.