ചെന്നൈ: വന്ദേഭാരത് സീരിസിൽ അമൃത് ഭാരതിന് ശേഷം ഇറങ്ങുന്ന വന്ദേ മെട്രോ ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു. ചെന്നൈ ബീച്ച് സ്റ്റേഷൻ – വില്ലിപ്പാക്കം – കാട്പ്പാടി ജംഗ്ഷൻ റൂട്ടിലാണ് ട്രെയിൻ ആദ്യത്തെ ട്രയൽ റൺ നടത്തിയത്.
റെയിൽവേ ചീഫ് സേഫ്റ്റി കമ്മഷീണർ ജനക് കുമാർ ഗാർഗ് ആദ്യത്തെ യാത്രയിൽ പങ്കെടുത്തു. ട്രെയിനിൻ്റെ വേഗതയിലും സുരക്ഷയിലും ചീഫ് സേഫ്റ്റി കമ്മീഷണർ സംതൃപ്തി അറിയിച്ചതായാണ് സൂചന. 150 മുതൽ 200 കിലോമീറ്റർ വരെ ദൂരത്തിലുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന എസി ട്രെയിനാണ് വന്ദേമെട്രോ. നിലവിൽ സർവ്വീസിലുള്ള മെമു ട്രെയിനുകൾക്ക് പകരക്കാരനായിട്ടാണ് വന്ദേമെട്രോ ട്രെയിനുകൾ റെയിൽവേ നിർമ്മിക്കുന്നത്. 12 കോച്ചുള്ള വന്ദേമെട്രോയാണ് ഇന്ന് പരീക്ഷണഓട്ടം നടത്തിയത്.
ഓട്ടോമാറ്റിക് ട്രെയിനുകൾ, എസി കോച്ചുകൾ, കൂടുതൽ വൃത്തിയും സൌകര്യങ്ങളുമുള്ള ടോയ്ലറ്റുകൾ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ എന്നിവയാണ് വന്ദേ മെട്രോയുടെ പ്രത്യേകത. ഹ്രസ്വദൂരസർവ്വീസിനുള്ള ട്രെയിനായതിനാൽ വന്ദേ മെട്രോയിൽ പാൻട്രി സർവ്വീസ് ഉണ്ടാകില്ല. എല്ലാ കോച്ചിലും 110 യാത്രക്കാർക്ക് വരെ ഇരിക്കാൻ സൌകര്യമുണ്ടാവും 200-ഓളം പേർക്ക് നിന്നും യാത്ര ചെയ്യാം. ഭോപ്പാൽ റൂട്ടിലാവും കന്നി സർവ്വീസ് എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വന്ദേഭാരത് സീരിസിലുള്ള സ്ലീപ്പർ ട്രെയിനുകളും അണിയറയിൽ ഒരുങ്ങുകയാണ്.
രാത്രിയാത്രകൾ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യധാനിക്ക് പകരം സർവ്വീസ് നടത്തുമെന്നാണ് സൂചന. നിലവിൽ സർവ്വീസ് നടത്തുന്നത് വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പാണെന്നും പരീക്ഷ ഓട്ടം പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ ചില മാറ്റങ്ങൾ കൂടി വരുത്തിയ ശേഷമാവും മെട്രോയുടെ പ്രൊഡക്ഷൻ ആരംഭിക്കുകയെന്നും ഉന്നത റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.